
ഗസ്സയ്ക്കിതെരായ അധിനിവേശവും ഗസ്സയിലെ പട്ടിണിയും അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ്-യൂറോപ്യന്‍ യൂണിയന് സാമ്പത്തിക വിദഗ്ധര്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് തുറന്ന കത്തയച്ചു. 10 നൊബേല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പടെ ഇരുപത്തിമൂന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധരാണ് കത്തയച്ചത്. ഗസ്സ സൈനികമായി കൈവശപ്പെടുത്താനുള്ള ഇസ്രായേലിന്റെ പദ്ധതികള്‍ പിന്‍വലിക്കണമെന്നും നിയന്ത്രണങ്ങളില്ലാതെ ജനങ്ങള്‍ക്ക് ഭക്ഷ്യസഹായം അനുവദിക്കണമെന്നും കത്തില്‍ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
നൊബേല്‍ സമ്മാന ജേതാവും എം.ഐ.ടി സാമ്പത്തിക ശാസ്ത്രജ്ഞനും വൈ നേഷന്‍സ് ഫെയില്‍ എന്ന പുസ്തകത്തിന്റെ സഹരചയിതാവുമായ ഡാരണ്‍ അസെമോഗ്ലു, ആംഗസ് ഡീറ്റണ്, പീറ്റര്‍ എ. ഡയമണ്ട്, എസ്തര് ഡഫ്ലോ, ക്ലോഡിയ ഗോള്ഡിന്, എറിക് എസ് മാസ്കിന്, റോജര്‍ ബി. മയേഴ്സണ്‍, എഡ്മണ്ട് എസ്.ഫെല്‍പ്സ്, ക്രിസ്റ്റഫര്‍ എ.പിസാറൈഡ്സ്, ജോസഫ് ഇസ്റ്റിഗ്ലിറ്റ്സ് എന്നിവര്‍ ഒപ്പിട്ടാണ് കത്ത് തയ്യാറാക്കിയിട്ടുള്ളത്. അസമോഗ്ലു കത്ത് എക്സില്‍ പങ്കുവയ്ക്കുകയും ചെയ്തു.
ഗസ്സയില്‍ പടരുന്ന പട്ടിണിയെക്കുറിച്ചും സാധാരണക്കാരെ നിര്‍ബന്ധിതമായി മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതികളെ കുറിച്ചും ആശങ്കയുണ്ടെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യരെന്ന നിലയിലും സാമ്പത്തിക വിദഗ്ധര്‍ എന്ന നിലയിലും, വ്യാപകമായ പട്ടിണിയെ അധികരിപ്പിക്കുന്ന ഏതൊരു നയവും ഉടനടി നിര്‍ത്തലാക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
ഗസ്സയിലെ 21ലക്ഷം വരുന്ന ജനസംഖ്യയില്‍ മൂന്നിലൊന്നു പേരും ഭക്ഷണമില്ലാതെ നിരവധി ദിവസങ്ങള്‍ കഴിഞ്ഞതായുള്ള ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ഡാറ്റ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് കത്ത് തയ്യാറാക്കിയിട്ടുള്ളത്. മൂന്നു മാസം മുമ്പുള്ള വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോള്‍ ആ പ്രദേശത്തെ വിപണി വിലകള്‍ പത്തിരട്ടി കൂടുതലാണ്. മനുഷ്യാവകാശങ്ങളോടും അന്താരാഷ്ട്ര നിയമങ്ങളോടും ഇസ്രായേലിന്റെ പ്രതിബദ്ധത ഉറപ്പിക്കുന്ന ഒരു ഔപചാരിക പ്രഖ്യാപനം ഉടന്‍ പുറപ്പെടുവിക്കാനും വെടിനിര്‍ത്തല്‍ കരാര്‍ പിന്തുടരാനും ഇസ്രായേലിനോട് കത്തില്‍ ആവശ്യപ്പെടുന്നു.



