റോഡിലെ കുഴിയില്‍ വീണ് തടിലോറി മറിഞ്ഞു; തൃശ്ശൂര്‍ എറണാകുളം പാതയില്‍ ഒരുദിവസം പിന്നിട്ട് ഗതാഗതക്കുരുക്ക്; അഴിയാക്കുരുക്ക് നീണ്ടത് കിലോമീറ്ററുകള്‍

തൃശ്ശൂര്‍ : തൃശ്ശൂര്‍ എറണാകുളം റോഡില്‍ തടിലോറി കുഴിയില്‍ ചാടി മറിഞ്ഞതിനെ തുടര്‍ന്നുണ്ടായ ഗതാഗതക്കുരുക്ക് അഴിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളുമായി അധികൃതര്‍. വാഹനങ്ങള്‍ വഴിതിരിച്ചു വിട്ട് കുരുക്കഴിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ചാലക്കുടി, കൊരട്ടി, മുരിങ്ങൂര്‍ മേഖലയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കുഴികള്‍ നിറഞ്ഞതിനാല്‍ ഇടുങ്ങിയ ബദല്‍ റോഡുകളിലൂടെ ഇഴഞ്ഞു നീങ്ങാന്‍ പോലുമാകാതെ വാഹനങ്ങള്‍ നിശ്ചലമായി. വാഹന നിര കിലോമീറ്ററുകളോളമാണ് നീണ്ടത്. മുരിങ്ങൂര്‍, പോട്ട, കൊടകര ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ വഴി തിരിച്ചുവിട്ട് മാള, അത്താണി എന്നിവിടങ്ങളില്‍ എത്തുന്ന രീതിയിലാണ് ഗതാഗതക്രമീകരണം നടത്തുന്നത്.

വെള്ളിയാഴ്ച രാത്രി 11 മണിയോടെ റോഡിലെ കുഴിയില്‍ വീണ തടി ലോറി മറിഞ്ഞതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. മണ്ണുത്തി-ഇടപ്പള്ളി പാതയില്‍ ഗതാഗതക്കുരുക്കു രൂക്ഷമാതോടെ ചരക്കു വാഹനങ്ങളടക്കം വഴിയില്‍ കുടുങ്ങിയിരുന്നു. വിമാനത്താവളത്തിലേക്കു പുറപ്പെട്ടവരും വിവാഹ, മരണ ചടങ്ങുകളില്‍ പങ്കെടുക്കാനുള്ളവരും ആശുപത്രിയിലേക്കു പോയ രോഗികളും അടക്കം വലഞ്ഞു.

വെള്ളിയാഴ്ച രാത്രി മുരിങ്ങൂരില്‍ അടിപ്പാത നിര്‍മാണം നടക്കുന്ന ഭാഗത്തെ സര്‍വീസ് റോഡില്‍ തടിയുമായി വന്ന ലോറി കുഴിയില്‍വീണ് മറിയുകയായിരുന്നു. തടിക്കഷണങ്ങള്‍ റോഡില്‍ വീണതോടെ ഗതാഗതം തടസ്സപ്പെട്ടു. ലോറിയിലുണ്ടായിരുന്നവര്‍ പരുക്കില്ലാതെ രക്ഷപ്പെട്ടു. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് റോഡില്‍നിന്നു തടിക്കഷണങ്ങള്‍ നീക്കിയെങ്കിലും അപ്പോഴേക്കും ഗതാഗതം തടസ്സപ്പെടുകയും റോഡില്‍ വലിയ വാഹനനിര രൂപപ്പെടുകയും ചെയ്തു.

ചാലക്കുടിയില്‍നിന്ന് എറണാകുളം ഭാഗത്തേക്കു പോകുന്ന റോഡിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്. റോഡിന്റെ മോശം അവസ്ഥയും അടിപ്പാത നിര്‍മാണം നടക്കുന്ന ഭാഗത്ത് മറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതുമാണ് സാഹചര്യം വഷളാക്കിയത്. മേല്‍പ്പാതയുടെയും അടിപ്പാതകളുടെയും നിര്‍മാണം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോള്‍ യാത്രയ്ക്കായി ആശ്രയിക്കുന്നത് സര്‍വീസ് റോഡുകളെയാണ്. എന്നാല്‍, ഈ സര്‍വീസ് റോഡുകളുടെ അവസ്ഥ വളരെ മോശമായതും ഗതാഗതക്കുരുക്കിന് വഴിവച്ചു.

Scroll to Top