
പി.പി ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോള്‍ നടത്തിയ കോടിക്കണക്കിനു രൂപയുടെ അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് കെ.എസ്.യു. ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കേ നടത്തിയ കോടിക്കണക്കിന് രൂപയുടെ അഴിമതിയും ബെനാമി സ്വത്തിടപാടുകളും സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ആറുമാസമായിട്ടും പരാതിക്കാരന്റെ മൊഴി പോലുമെടുക്കാതെ അന്വേഷണം ഉന്നത ഇടപെടലില്‍ അട്ടിമറിക്കപ്പെടുന്ന വിഷയം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.
പി.പി ദിവ്യ ബെനാമി കമ്പനി രൂപവത്കരിച്ചതും വഴിവിട്ട് കോടികളുടെ കരാര്‍ നല്കിയതിന്റെയും ദിവ്യയുടെ ഭര്‍ത്താവിന്റെ പേരില്‍ ഉള്‍പ്പെടെ ബെനാമി ഭൂമികള്‍ വാങ്ങിക്കൂട്ടിയതിന്റെയും രേഖകളും തെളിവുകളും സഹിതം വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്കി ആറുമാസം പിന്നിട്ടിട്ടും പരാതിയില്‍ ഒരു നടപടിയുമുണ്ടായിട്ടില്ല. മാത്രവുമല്ല, പരാതിയില്‍ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ച മുന്‍ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റുകയും ഡിജിപി നിയമനത്തില്‍നിന്നുള്‍പ്പെടെ തഴയുകയും ചെയ്തിരുന്നു.
പരാതിയില്‍ ശരിയായ അന്വേഷണം നടന്നാല്‍ പല ഉന്നത സിപിഎം നേതാക്കളും കുടുംബാംഗങ്ങളും കുടുങ്ങും എന്ന കാരണത്താല്‍ പാര്‍ട്ടി തീരുമാനമനുസരിച്ച് സര്‍ക്കാര്‍ തലത്തിലുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് അന്വേഷണം അട്ടിമറിക്കപ്പെടുന്നതെന്നും ഒരു പരാതിയില്‍ സ്വീകരിക്കേണ്ട സ്വാഭാവിക നടപടിക്രമമായ പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുക എന്നതുപോലും ഈ വിഷയത്തില്‍ വിജിലന്‍സിന്റെ ഭാഗത്തുനിന്ന് കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഉണ്ടായിട്ടില്ലെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.



