പാലിയേക്കരയിൽ തിരക്കില്ലാത്ത ഫോട്ടോ എടുക്കാൻ വന്യജീവി ഫോട്ടോഗ്രാഫറുടെ സഹായം തേടിയോ?- സുപ്രീം കോടതി

പാലിയേക്കരയിലെ തിരക്കില്ലാത്ത റോഡിന്റെ ഫോട്ടോ എടുക്കാന്‍ ദേശീയപാത അതോറിറ്റി വന്യജീവി ഫോട്ടോഗ്രാഫറുടെ സഹായം തേടിയോയെന്ന് സുപ്രീം കോടതി. പാലിയേക്കരയിലെ തിരക്കില്ലാത്ത റോഡിന്റെ ദൃശ്യങ്ങള്‍ ദേശീയപാത അതോറിറ്റി സുപ്രീം കോടതിക്ക് കൈമാറിയപ്പോഴാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്. കാത്തുകാത്തിരുന്ന് ചിത്രമെടുക്കുന്ന വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ എടുത്തത് പോലുള്ള ചിത്രം ആണിതെന്നായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.

ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് സംബന്ധിച്ച ചിത്രം കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന കാര്യം സുപ്രീം കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, കഴിഞ്ഞ ദിവസമുണ്ടായ ഗതാഗതക്കുരുക്ക് ഒരു ലോറി ബ്രേക്ക്ഡൗണ്‍ ആയതിനെ തുടര്‍ന്നാണെന്ന് ദേശീയപാത അതോറിറ്റിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ചൂണ്ടിക്കാട്ടി ലോറി ബ്രേക്ക്ഡൗണ്‍ ആയത് ദൈവഹിതം കൊണ്ടല്ലെന്നും ദേശീയപാതയിലെ കുഴി കാരണമാണെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ ചൂണ്ടിക്കാട്ടി.

മോശം റോഡിന് ജനം എന്തിന് ടോള്‍ നല്‍കണമെന്ന ചോദ്യം സുപ്രീം കോടതി ഇന്നും ആവര്‍ത്തിച്ചു. ഒരു മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കേണ്ട ദൂരം 11 മണിക്കൂര്‍ കൊണ്ട് സഞ്ചരിക്കുന്നതിന് ടോള്‍ നല്‍കണമോ എന്നായിരുന്നു സുപ്രീം കോടതിയുടെ ചോദ്യം. ഇത്രയും സമയമെടുത്ത്‌ സഞ്ചരിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് അങ്ങോട്ടാണ് പണം നല്‍കേണ്ടതെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. പണം മാത്രമല്ല, കുരുക്കില്‍പ്പെടുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്നതിനുള്ള സംവിധാനം കൂടി ഏര്‍പ്പെടുത്തേണ്ടതാണെന്ന് ടോളിനെതിരെ ഹര്‍ജി നല്‍കിയിരുന്നു കോണ്‍ഗ്രസ് നേതാവ് ഷാജി കോടന്‍കണ്ടത്തിന്റെ അഭിഭാഷകന്‍ ജയന്ത് മുത്തുരാജ് കോടതിയില്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ മഴ കാരണമാണ് പാലിയേക്കരയിലെ സര്‍വീസ് റോഡുകളുടെ പണി വൈകുന്നതെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. ഇക്കാര്യം സംസ്ഥാന സര്‍ക്കാരിന് വ്യക്തമായ അറിയാമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, മഴ കഴിഞ്ഞതിനു ശേഷം ടോള്‍ പിരിച്ചാല്‍ പോരേയെന്ന്‌ കോടതി ആരാഞ്ഞു. മഴ നിർത്തണമെന്ന ഉത്തരവ് ഇറക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലല്ലോ എന്നും ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Scroll to Top