
ന്യൂഡല്‍ഹി: പാലിയേക്കര ടോള്‍ പിരിവ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരായ ദേശീയപാത അതോറിറ്റിയുടെ ഹര്‍ജി സുപ്രീംകോടതി ഉത്തരവ് പറയാനായി മാറ്റി. റോഡിന്റെ അവസ്ഥ പരിതാപകരമാണെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. കഴിഞ്ഞദിവസം 12 മണിക്കൂര്‍ ഗതാഗതക്കുരുക്കാണ് ഉണ്ടായതെന്നും ഒരു മണിക്കൂറെടുക്കേണ്ട ദൂരത്തിന് 11 മണിക്കൂറിലേറെയെടുക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ബി ആര് ഗവായ് പറഞ്ഞു. മോശം റോഡിന് എന്തിന് ടോള്‍ നല്‍കണം എന്നാണ് സുപ്രീംകോടതി ഇന്നും ആവര്‍ത്തിച്ചു ചോദിച്ചത്.
മണ്‍സൂണ്‍ കാരണം അറ്റകുറ്റപ്പണി നടന്നില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. ടോള്‍ തുക എത്രയെന്ന കോടതിയുടെ ചോദ്യത്തിന് 150 രൂപയെന്ന് ദേശീയപാതാ അതോറിറ്റി വ്യക്തമാക്കി, 12 മണിക്കൂര്‍ ഒക്കെ ബ്ലോക്കില്‍ കിടക്കാന്‍ ഇത്രയും പൈസ എന്തിനാണ് കൊടുക്കുന്നതെന്ന് ചീഫ് ജസ്റ്റിസും തിരികെ ചോദിച്ചു. പ്രശ്നമുണ്ടെങ്കില്‍ ടോള്‍ പിരിവ് നിര്‍ത്തിവയ്ക്കുന്നതല്ല പരിഹാരമെന്ന് ദേശീയപാത അതോറിറ്റി വാദിച്ചു. പ്രശ്നം പരിഹരിക്കുന്നതിന് പിഎസ്ടി എഞ്ചിനീയറിങ് കമ്പനിക്ക് ഉപകരാര്‍ നല്‍കിയിട്ടുണ്ടെന്ന് പ്രധാന കരാര്‍ കമ്പനി വ്യക്തമാക്കി. ഉത്തരവാദിത്വം ഉപകരാര്‍ കമ്പനിക്കെന്നും പ്രധാന കരാര്‍ കമ്പനി വാദിച്ചു.
താങ്കള്‍ പത്രം വായിച്ചില്ലേ, 12 മണിക്കൂറാണ് റോഡ് ബ്ലോക്ക് എന്നാണ് ദേശീയപാത അതോറിറ്റിക്കായി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയോട് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രന് ചോദിച്ചത്. ദേശീയപാതയിലെ മുരിങ്ങൂരില്‍ ലോറി മറിഞ്ഞാണ് ഗതാഗത തടസ്സം ഉണ്ടായതെന്നു തുഷാര്‍ മേത്ത മറുപടി നല്കി. ലോറി തനിയെ വീണതല്ലെന്നും റോഡിലെ കുഴിയില്‍ വീണ് മറിഞ്ഞതാണെന്നും ജസ്റ്റിസ് വിനോദ് ചന്ദ്രന് പറഞ്ഞു. ഗതാഗത തടസ്സം ഒഴിവാക്കാന്‍ സര്‍വീസ് റോഡുകള്‍ നിര്‍മിച്ചിരുന്നെന്നും മഴ കാരണമാണ് നിര്‍മാണ പ്രവര്‍ത്തനത്തെ ബാധിച്ചതെന്നും തുഷാര്‍ മേത്ത പറഞ്ഞു.
പാലിയേക്കര ടോള്‍ പ്ലാസയില്‍ നാലാഴ്ചത്തേയ്ക്ക് പിരിവ് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെയായിരുന്നു ദേശീയപാത അതോറിറ്റിയും കരാര്‍ കമ്പനിയും അപ്പീല്‍ നല്‍കിയത്.



