ജസ്റ്റിസ് ബി.സുദര്‍ശന്‍ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി

സുപ്രീംകോടതി മുൻ ജഡ്ജി ബി.സുദർശൻ റെഡ്ഢി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി. ഗോവയിലെ ആദ്യത്തെ ലോകായുക്തയും കൂടിയായിരുന്നു സുദര്‍ശന്‍ റെഡ്ഡി. എല്ലാ പാർട്ടികളും അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തെ അനുകൂലിച്ചു. വോട്ടവകാശ യാത്രയുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും മുതിർന്ന നേതാക്കളും ബിഹാറിലായതിനാൽ കൂടിയാലോചനകൾക്കു വേണ്ടിയാണ് പ്രഖ്യാപനം ഇന്നത്തേക്കു മാറ്റിയത്. ഇന്ന് ഉച്ചയ്ക്ക് 12.30ന് മല്ലികാർജുൻ ഖർഗെയുടെ വീട്ടിലാണ് യോഗം ചേർന്നത്.

ഇതൊരു ആശയ പോരാട്ടമാണെന്നും, ഏറ്റവും യുക്തനായ ആളെയാണ് തിരഞ്ഞെടുത്തതെന്നും കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. പാവങ്ങൾക്കായി ശക്തമായി നിലപാടെടുത്ത, ഭരണഘടനയ്ക്കായി നിലകൊള്ളുന്ന ആളാണ് സുദർശൻ റെഡ്ഡി. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപിടിക്കാൻ ഇദ്ദേഹത്തെ പോലെയുള്ള ആളാണ് വേണ്ടത്. പ്രതിപക്ഷത്തുള്ള എല്ലാവരും ഒരുമിച്ച് തീരുമാനിച്ച സ്ഥാനാർഥിയാണിതെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.

മഹാരാഷ്ട്ര ഗവർണറും തമിഴ്നാട്ടിൽ നിന്നുള്ള ബിജെപി നേതാവുമായ സി.പി.രാധാകൃഷ്ണനാണ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. 17ന് ചേർന്ന ബിജെപി പാർലമെന്ററി ബോർഡ് യോഗത്തിലാണു തീരുമാനമെടുത്തത്.

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ്. ജൂലൈ 21 നാണ് ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവച്ചത്. സെപ്റ്റംബർ 9 ന് രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ പാർലമെന്റ് ഹൗസിന്റെ ഒന്നാം നിലയിലാണ് വോട്ടെടുപ്പ്.

Scroll to Top