
തിരുവനന്തപുരം: തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതിനു വേണ്ടിയാണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. അതുകൊണ്ടാണ് പരാതി പോലും ഇല്ലാത്ത കാര്യങ്ങള്‍ വാര്‍ത്തയാക്കി ഊതിപ്പെരുപ്പിച്ച് കാണിക്കുന്നത്. ഇന്ത്യയില്‍ രണ്ടുപേര്‍ തമ്മില്‍ സംസാരിക്കുന്നത് നിയമപരമായി കുറ്റമല്ല. ഇപ്പോള്‍ പുറത്തുവന്ന ഓഡിയോ സത്യമാണോ എന്നു പോലും അറിയില്ല. ഓഡിയോകള്‍ പോലും വ്യാജമായി നിര്‍മിക്കുന്ന കാലമാണിതെന്നും തന്നോട് പാര്‍ട്ടിയില്‍ നിന്ന് ആരും രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുന്നതായും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആരോപണം ഉന്നയിച്ച യുവനടി തന്റെ അടുത്ത സുഹൃത്താണ്. അവര്‍ തന്നെ കുറിച്ചാണ് പറഞ്ഞതെന്ന് താന്‍ വിശ്വസിക്കുന്നില്ല. തന്റെ പേര് പോലും അവര്‍ എവിടെയും പറഞ്ഞിട്ടില്ല. പിന്നെങ്ങനെ അത് തനിക്കെതിരെ ആണെന്ന് പറയാനാകും. രാജ്യത്തെ നിയമപരമായ ഒരിടത്തും തനിക്കെതിരെ ഒരു പരാതി പോലും വന്നിട്ടില്ല. നിയമസംവിധാനത്തില്‍ വിശ്വസിക്കുന്നവരാണ് അവരെങ്കില്‍ തനിക്കെതിരെ പരാതി നല്‍കട്ടെ. പരാതി ഇല്ലെങ്കില്‍ ഇത്തരം ആരോപണങ്ങളൊന്നും നിലനില്‍ക്കില്ല. ഗര്‍ഭച്ഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചെന്ന് പരാതിയുണ്ടോ. പരാതിയില്ലാത്ത ഒരു കാര്യത്തോട് താന്‍ മറുപടി പറയില്ലെന്നും പരാതിയുണ്ടെങ്കില്‍ നിയമപരമായി നേരിടുമെന്നും രാഹുല്‍ വ്യക്തമാക്കി.
സര്‍ക്കാരിനെതിരായ ജനവികാരം അതിശക്തമായി നിലകൊള്ളുന്ന സമയമാണ്. ഒപ്പം സിപിഐഎമ്മിനകത്ത് പോലും അന്തഃഛിദ്രം രൂക്ഷമാണ്. പുറത്തുവന്ന സിപിഎമ്മിനകത്തെ ആ അന്തച്ഛിദ്രങ്ങളെ കുറിച്ച് എന്താണ് നിങ്ങള്‍ മിണ്ടാത്തത്. ഈ ചര്‍ച്ചകളെയൊക്കെ ആകെ വ്യതിചലിപ്പിക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ കള്ള ആരോപണമെന്നും എല്ലാ ആരോപണങ്ങളും താന്‍ നിഷേധിക്കുന്നതായും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തകരാരും തനിക്കെതിരെ വന്ന ഈ കള്ള ആരോപണങ്ങളെ ന്യായീകരിക്കില്ല. എന്നെ ന്യായീകരിക്കേണ്ട ബാധ്യതയല്ല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുള്ളത്. അവര്‍ സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ ജനശ്രദ്ധയിലെത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഞാന്‍ തന്നെ വ്യക്തിപരമായി അനുഭവിക്കും. വ്യക്തിരമായി കോടതിയില്‍ പോയി തന്റെ നിരപരാധിത്വം തെളിയിക്കും. തനിക്കെതിരെ ഒരു എഫ്‌ഐആര്‍ പോലും എടുത്തിട്ടില്ല,. ആരോപണങ്ങള്‍ തെളിയിക്കാനായിട്ടുമില്ല. എങ്കിലും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവയ്ക്കുന്നതായും രാഹുല്‍ വ്യക്തമാക്കി.



