
തിരുവനന്തപുരം: പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ വേദിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. മന്ത്രി കെ. രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പരിപാടിയില്‍ വാഴൂര്‍ സോമന്‍ എംഎല്‍എയും ഉണ്ടായിരുന്നു. പരിപാടിക്കിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീണ ഉടന്‍ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്‌തെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. ഭൗതികശരീരം എംഎന്‍ സ്മാരകത്തില്‍ പൊതുദര്‍ശനത്തിനു വച്ച ശേഷം രാത്രി തന്നെ വണ്ടിപ്പെരിയാറിലേക്കു കൊണ്ടുപോകും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആശുപത്രിയിലെത്തി.
ഇടുക്കി ജില്ലയിലെ പ്രശ്‌നങ്ങള്‍ അടക്കം സംസാരിച്ച ശേഷം മറ്റുള്ളവര്‍ക്കൊപ്പം യോഗത്തില്‍ നിന്ന് മടങ്ങവേയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മറ്റു എംഎല്‍എമാര്‍ക്കൊപ്പം പടി ഇറങ്ങവേ കുഴഞ്ഞുവീണു. ഉടന്‍ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ജില്ലാ ആശുപത്രിയില്‍നിന്ന് വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എത്തിയിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റാന്‍ ശ്രമിച്ചെങ്കിലും സ്ഥിതി വഷളായി. പിന്നാലെ മരണം സംഭവിച്ചു.
1974 മുതല്‍ പൊതുരംഗത്ത് നിറസാന്നിധ്യമായ വാഴൂര്‍ സോമന്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടിന് തോല്‍പിച്ച് അദ്ദേഹം തന്റെ കന്നിയങ്കത്തില്‍ നിയമസഭയിലെത്തി. വെയര്‍ ഹൌസിങ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡന്റ് എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ബിന്ദു. മക്കള്‍: അഡ്വ. സോബിന്‍, അഡ്വ. സോബിത്ത്.



