മൂന്നു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ കോട്ടയം സിഎംഎസില്‍ നീലപ്പതാക പാറി; കെഎസ്.യുവിന് മിന്നും വിജയം; 15-ല്‍ 14 സീറ്റിലും വിജയിച്ചു

കോട്ടയം: മൂന്ന് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍ കോട്ടയം സിഎംഎസ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്.യുവിന്റെ നീലപ്പതാക പാറി. 28 വര്‍ഷത്തിനു ശേഷം കോളജ് യൂണിയനിലേക്ക്് കെഎസ്.യു സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു കയറി. തെരഞ്ഞെടുപ്പ് നടന്ന 15-ല്‍ 14 സീറ്റുകളും വിജയിച്ചാണ് കെഎസ്.യുവിന്റെ തേരോട്ടം. ഫസ്റ്റ് ഡിസി പ്രതിനിധി സീറ്റ് മാത്രമാണ് കെഎസ്.യുവിന് നഷ്ടമായത്. ചെയര്‍പഴ്‌സണായി സി. ഫഹദും ജനറല്‍ സെക്രട്ടറിയായി മീഖള്‍ എസ്.വര്‍ഗീസും തെരഞ്ഞെടുക്കപ്പെട്ടു. ബി. ശ്രീലക്ഷ്മി (വൈസ് ചെയര്‍പഴ്‌സന്‍), ടി.എസ്. സൗപര്‍ണിക (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി), മജു ബാബു (മാഗസിന്‍ എഡിറ്റര്‍), അലന്‍ ബിജു, ജോണ്‍ കെ.ജോസ് (യുയുസി) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിഎംഎസ് കോളജില്‍ എസ്എഫ്‌ഐ, കെഎസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ വന്‍തോതില്‍ പൊലീസ് സ്ഥലത്തെത്തി. കോണ്‍ഗ്രസ്, സിപിഎം നേതാക്കളും ക്യാംപസിലെത്തിയിരുന്നു. വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ ഫലമായി രാത്രി 10 മണിയോടെയാണ് സംഘര്‍ഷാവസ്ഥക്ക് അയവുവന്നത്. പരാജയഭീതിയെത്തുടര്‍ന്ന് എസ്എഫ്‌ഐ അക്രമം നടത്തുകയായിരുന്നുവെന്ന് കെഎസ്യു ആരോപിച്ചു.

എംജി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളജുകളിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ഇത്തവണ കെഎസ്യു നേട്ടമുണ്ടാക്കി. സെന്റ് തോമസ് കോളജ് പാലാ, ബസേലിയസ് കോളജ് കോട്ടയം, ദേവമാതാ കോളജ് കുറവിലങ്ങാട്, സെന്റ് ജോര്‍ജ് കോളജ് അരുവിത്തുറ, സെന്റ് ഡൊമിനിക്‌സ് ലോ കോളജ് കാഞ്ഞിരപ്പള്ളി, സ്റ്റാസ് കോളജ് പുല്ലരിക്കുന്ന് തുടങ്ങിയ പ്രധാന ക്യാംപസുകളില്‍ മുന്നേറ്റം നടത്താനായെന്ന് കെഎസ്‌യു ജില്ലാ പ്രസിഡന്റ കെ.എന്‍.നൈസാം പറഞ്ഞു.

Scroll to Top