
കോഴിക്കോട്:കേരളത്തില്‍ വീണ്ടും ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം കാപ്പില്‍ കരുമാരപ്പറ്റ സ്വദേശിയായ 55 വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സ്ത്രീയെ സ്രവ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം ആറായി.
രോഗബാധയെത്തുടര്‍ന്നു മരിച്ച താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയില്‍ അനയയുടെ സഹോദരന് ആരവ് (7), മലപ്പുറം ചേളാരി സ്വദേശി 11 വയസ്സുകാരി, മലപ്പുറം പുല്ലിപറമ്പ സ്വദേശി ഷാജി (49), അന്നശ്ശേരി സ്വദേശി നസ്ലബ് (31) എന്നിവരും ചികിത്സയിലുണ്ട്. ഓമശ്ശേരിയില്‍ നിന്നുള്ള മൂന്നു മാസം പ്രായമുളള കുട്ടി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുന്നു. അനയയുടെ മറ്റൊരു സഹോദരനും രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ട്.
അതേസമയം, അമീബ വകഭേദങ്ങളാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കാന്‍ കാരണമായതെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരും പറയുന്നു. ‘തലച്ചോര്‍ തീനി’ എന്നറിയപ്പെടുന്ന ‘നൈഗ്ലേരിയ ഫൗളരി’ എന്ന ഒറ്റയിനം അമീബയാണു മുന്‍പു കേരളത്തില്‍ അമീബിക് മസ്തിഷ്കജ്വരത്തിനു കാരണമായിരുന്നത്. എന്നാല്‍, അടുത്തകാലത്തു റിപ്പോര്‍ട്ട് ചെയ്ത അമീബിക് മസ്തിഷ്കജ്വര കേസുകളില്‍ മറ്റ് അമീബ വകഭേദങ്ങളും കാരണമായെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍.
ബാലമുത്തിയ മാന്‍ഡ്രിലാരിസ്, ഒകെന്തമീബ, വെര്‍മമീബ വെര്‍മിഫോര്‍മിസ് തുടങ്ങിയ ഇനങ്ങളാണ് കേരളത്തില്‍ കണ്ടെത്തിയത്. നിലവില്‍ നൈഗ്ലേരിയ ഫൗളരി എന്ന ഇനം അമീബബാധയ്ക്കു പ്രതിവിധിയായി ഉപയോഗിക്കുന്ന മരുന്നുകളുടെ സംയുക്തം തന്നെ ഇവയ്ക്കും മരുന്നായി ഉപയോഗിക്കാമെന്നതിനാല്‍ ആശങ്കയ്ക്കു വകയില്ലെന്നും ആവശ്യത്തിനു മരുന്നു സംസ്ഥാനത്തു സംഭരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.



