
മലപ്പുറം: മലപ്പുറം താനൂരില്‍ കാര്‍ യാത്രക്കാരെ ആക്രമിച്ച് രണ്ടു കോടി രൂപ കവര്‍ന്ന കേസില്‍ രണ്ടുപേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരങ്ങാടി സ്വദേശി ടി.സി റോഡില്‍ തടത്തില്‍ അബ്ദുള്‍ കരീം (54), പരപ്പനങ്ങാടി ഉള്ളണം സ്വദേശി മംഗലശേരി രജീഷ് (44) എന്നിവരെയാണ് താനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കവര്‍ച്ചയ്ക്ക് ശേഷം ഗോവയിലേക്ക് കടന്ന പ്രതികളെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കവര്‍ച്ചാസംഘത്തെ പിന്തുടര്‍ന്ന് ഗോവയിലെത്തിയ പൊലീസ് സംഘം അവിടെ നിന്ന് മടങ്ങിവരും വഴി കോഴിക്കോട് നിന്നാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. നാലംഗസംഘത്തിലെ മൂന്നാമനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. നാലാം പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായും അന്വേഷണം ഊര്‍ജിതമാക്കിയതായും താനൂര്‍ ഡിവൈഎസ്പി അറിയിച്ചു.
പണം കവരാന്‍ ആള്‍ട്ടോ കാറിലെത്തിയ സംഘത്തിലെ ഒരാളാണ് കസ്റ്റഡിയിലുള്ളത്. കവര്‍ച്ചയില്‍ നേരിട്ട് പങ്കെടുത്ത ഒരാളെ കൂടിയാണ് ഇനി കിട്ടാനുള്ളത്. ഇതുവരെയുള്ള അന്വേഷണത്തില്‍ കാറില്‍ സഞ്ചരിച്ച് ആക്രമിച്ച് പണം കവര്‍ന്ന നാലുപേരും സാമ്പത്തിക ലാഭത്തിനുവേണ്ടി ക്വട്ടേഷന്‍ ഏറ്റെടുത്തവരാണെന്ന് മനസ്സിലായിട്ടുണ്ട്. ഇവര്‍ക്ക് ക്വട്ടേഷന്‍ കൊടുത്തവരെ കുറിച്ചും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ആഗസ്ത് 14ന് രാത്രി പത്തോടെ നന്നമ്പ്ര സ്‌കൂള്‍പ്പടിയിലാണ് കേസിനാസ്പദമായ സംഭവം. തെന്നല സ്വദേശികളായ രണ്ടുപേര്‍ സഞ്ചരിച്ച കാര്‍ ആക്രമിച്ച് കാറില്‍ സൂക്ഷിച്ച രണ്ടു കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു. വിദേശത്ത് നടന്ന ഇടപാടുമായി ബന്ധപ്പെട്ട പണവുമായി കാറില്‍ വരുമ്പോഴാണ് ആക്രമണമുണ്ടായത്. നാലുപേര്‍ ചേര്‍ന്ന് മാരകായുധങ്ങളുമായി കാര്‍ അടിച്ചുതകര്‍ത്ത് ബാഗില്‍ സൂക്ഷിച്ച പണം കവര്‍ന്നെടുത്തെന്നാണ് പരാതി. കുറ്റകൃത്യത്തിനുശേഷം സംഘം ആഗസ്റ്റ് 16ന് ഗോവയിലേക്ക് കടന്നു. സിസിടിവി ക്യാമറകള്‍ പരിശോധിച്ച് സംഘത്തിനെ പിന്തുടര്‍ന്ന് അന്വഷണ സംഘം ഗോവയില്‍ എത്തിയിരുന്നു.



