
മോസ്കോ: യുക്രൈന്റെ 34-ാം സ്വാതന്ത്ര്യദിനത്തില്‍ റഷ്യയ്ക്കെതിരെ ആക്രമണം കടുപ്പിച്ച് യുക്രൈന്. ഞായറാഴ്ച രാത്രിയാണ് പടിഞ്ഞാറന്‍ കുര്‍സ്ക് മേഖലയിലെ റഷ്യന്‍ ആണവനിലയം ലക്ഷ്യമാക്കി യുക്രെയ്ന് ഡ്രോണ്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി വൈദ്യുതി, ഊര്‍ജ്ജ സൗകര്യങ്ങള്‍ തകരാറിലായെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ആണവകേന്ദ്രത്തില്‍ തീപിടിച്ചെങ്കിലും പെട്ടെന്ന് അണയ്ക്കാന്‍ സാധിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി. ട്രാന്‍സ്ഫോര്‍മറിന് തകരാര്‍ സംഭവിച്ചെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ട്രാന്‍സ്ഫോര്‍മറിന് കേടുപാടുകള്‍ സംഭവിച്ചെങ്കിലും, റേഡിയേഷന് അളവ് സാധാരണ പരിധിക്കുള്ളില്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. അതേസമയം, ആക്രമണത്തെ തുടര്‍ന്ന് മൂന്നാം നമ്പര്‍ റിയാക്ടറിലെ നിര്‍മാണത്തില്‍ 50 ശതമാനം കുറവുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. റഷ്യയിലെ പല ഊര്‍ജ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റഷ്യന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ ആര്‍ക്കും കാര്യമായ പരുക്കേറ്റിട്ടില്ല. ആക്രമണത്തെക്കുറിച്ച് യുക്രെയ്ന് ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യയിലെ ലെനിന്‍ഗ്രാഡ് മേഖലയിലെ ഉസ്ത്-ലുഗ തുറമുഖത്തും ഡ്രോണ്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം യുക്രെയ്ന്റെ 10 ഡ്രോണുകള്‍ വെടിവച്ചിട്ടതായി അധികൃതര്‍ അറിയിച്ചു. ഇതുവരെ യുക്രെയ്ന്റെ 95 ഡ്രോണുകള്‍ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു..
യുക്രയ്ന്റെ 34-ാം സ്വാതന്ത്ര്യ ദിനാഘോഷ ദിവസമാണ് റഷ്യക്കെതിരായ ആക്രമണം നടത്തിയത്. 1991-ല്‍ സോവിയറ്റ് യൂണിയനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ ഓര്‍മയിലാണ് യുക്രെയ്ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.



