ബിഹാറിന്റെ ഗ്രാമങ്ങളില്‍ ആവേശം തീര്‍ത്ത് ബുള്ളറ്റില്‍ പ്രകടനം നയിച്ച് രാഹുല്‍ഗാന്ധി; ഗ്രാമീണ മേഖലയെ ഇളക്കിമറിച്ച് വോട്ടര്‍ അധികാര്‍ യാത്ര.

പട്‌ന: വോട്ട് കൊള്ളയ്‌ക്കെതിരായ വോട്ടര്‍ അധികാര്‍ യാത്രയുടെ എട്ടാം ദിവസം സ്ഥിരം പാറ്റേണ്‍ മാറ്റിപ്പിടിച്ച് രാഹുല്‍ഗാന്ധിയും തേജസ്വി യാദവും. എന്നും തുറന്ന ജീപ്പില്‍ സഞ്ചരിക്കാറുള്ള നേതാക്കള്‍ ഇന്ന് ബുള്ളറ്റിലായിരുന്നു യാത്ര. ബിഹാറിലെ പൂര്‍ണിയ ജില്ലയി?ലൂടെയുള്ള യാത്രയില്‍ ഇരു നേതാക്കളും ബുള്ളറ്റിലായിരുന്നു നയിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ മുന്നേറിയ യാത്രയില്‍ രാഹുല്‍ ഗാന്ധിയും, തേജസ്വി യാദവും ഹെല്‍മറ്റ് ധരിച്ച് ബുള്ളറ്റ് ഓടിച്ചുകൊണ്ട് വോട്ട് കൊള്ളക്കെതിരായ പോരാട്ടം ജനങ്ങള്‍ക്കിടയിലേക്ക് നയിച്ചു. കോണ്‍ഗ്രസിന്റെയും, ആര്‍.ജെ.ഡിയുടെയും പതാകകളുമായി പ്രവര്‍ത്തകര്‍ കാല്‍നടയായും, ബൈക്കിലുമായി നേതാക്കളെ അകമ്പടി സേവിച്ചപ്പോള്‍ സുരക്ഷ ഉറപ്പാക്കാനായി ഉദ്യോഗസ്ഥര്‍ പാടുപെട്ടു. റോഡിനിരുവശവും കാത്തുനിന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു യാത്ര.

വോട്ടര്‍ അധികാര്‍ യാത്ര എട്ടാം ദിനം ബിഹാറിലെ ഗ്രാമീണ മേഖലകളെ ഇളക്കി മറിച്ചാണ് മുന്നേറിയത്. തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിച്ച് ബി.ജെ.പി നടത്തുന്ന വോട്ട് കൊള്ളയും, ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ മറവില്‍ നടക്കുന്ന അട്ടിമറിക്കുമെതിരെയാണ് രാഹുലിന്റെ നേതൃത്വത്തില്‍ വോട്ടര്‍ അധികാര്‍ യാത്ര പുരോഗമിക്കുന്നത്. 16 ദിവസം നീണ്ടു നില്‍ക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയിലൂടെ 1300 കിലോമീറ്റര്‍ പിന്നിട്ട് പട്‌നയില്‍ സമാപിക്കും.

ആഗസ്ത് 26നും 27നും പ്രിയങ്ക ഗാന്ധിയും യാത്രയില്‍ പങ്കെടുക്കും. ആഗസ്റ്റ് 27 ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, 29ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എന്നിവരും അണിചേരുന്നുണ്ട്. ആഗസ്റ്റ് 30ന് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് യാത്ര നയിക്കാനെത്തും. ഹേമന്ത് സോറന്‍ , രേവന്ത് റെഡി, സുഖ്വിന്ദര്‍ സുഖു തുടങ്ങിയവരും യാത്രയുടെ ഭാഗമാകുന്നതോടെ ഇന്‍ഡ്യ മുന്നണിയുടെ വലിയ പ്രചാരണ വേദിയായി വോട്ടര്‍ അധികാര്‍ യാത്രയെ മാറ്റുകയാണ് കോണ്‍ഗ്രസ്. യാത്ര സെപ്റ്റംബര്‍ ഒന്നിന് പട്‌നയില്‍ സമാപിക്കും.

 

Scroll to Top