
തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ വിവാദങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപൂര്‍വ നടപടി. അജിത്കുമാറിനെ സംരക്ഷിക്കാന്‍ ഇന്നുവരെ ഇല്ലാത്ത നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അജിത്കുമാറിനെതിരെ ഉയര്‍ന്ന രണ്ട് ആരോപണങ്ങളില്‍ അദ്ദേഹത്തിനെതിരെ സമര്‍പിക്കപ്പെട്ട രണ്ട് അന്വേഷണ റിപ്പോര്‍ട്ടുകളും മടക്കി അയച്ച സര്‍ക്കാര്‍ പുതിയ റിപ്പോര്‍ട്ട് തേടി. പൂരം കലക്കല്‍, എഡിജിപി പി.വിജയന്‍ നല്‍കിയ പരാതി എന്നിവയുമായി ബന്ധപ്പെട്ട് മുന്‍ പൊലീസ് മേധാവി ദര്‍വേഷ് സാഹിബ് അജിത് കുമാറിനെതിരെ നല്‍കിയ രണ്ടു റിപ്പോര്‍ട്ടുകളാണ് സര്‍ക്കാര്‍ മടക്കി അയച്ചത്.
പകരം, ഇപ്പോഴത്തെ പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിനോടു വിഷയങ്ങള്‍ പരിശോധിച്ച് പുതിയ അഭിപ്രായം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാന പൊലീസ് മേധാവിയായിരുന്ന മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് നല്‍കിയ റിപ്പോര്‍ട്ടുകളാണ് ഇത്തരത്തില്‍ മടക്കി അയച്ചത്. അതിനിടെ, അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി വിധിക്കെതിരെ അജിത്കുമാര്‍ ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്യും. ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും അപ്പീല്‍ നല്‍കാനിരിക്കുകയാണ്. ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും മുന്‍പ് മുഖ്യമന്ത്രി അംഗീകരിച്ചതിനെ കോടതിവിധിയില്‍ വിമര്‍ശിച്ചിരുന്നു.



