
ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ കേസുമായി ബന്ധപ്പെട്ട് മാധ്യമവാര്‍ത്തകള്‍ വിലക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച മധ്യസ്ഥനെന്ന് അവകാശപ്പെട്ട കെ.എ പോളിന് കോടതിയില്‍ തിരിച്ചടി. പ്രശസ്തിക്കു വേണ്ടിയാണോ കേസുമായി കോടതിയിലെത്തിയതെന്ന് ചോദിച്ച സുപ്രീംകോടതി, പോളിന്റെ ഹര്‍ജി തള്ളുകയും ചെയ്തു. വധശിക്ഷയുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകളും ആക്ഷന്‍ കൗണ്‍സിലിനെയും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെയും അഡ്വ. സുഭാഷ് ചന്ദ്രനെയും വിലക്കണമെന്നും ആവശ്യപ്പെട്ടാണ് പോള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. ജസ്റ്റിസ് വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബഞ്ചാണ് തള്ളിയത്.
കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാനില്ലെന്നായിരുന്നു സുപ്രീംകോടതി കെ എ പോളിനെതിരെ ഉയര്‍ത്തിയ വിമര്‍ശനം. നിമിഷപ്രിയക്ക് വേണ്ടി സമാഹരിച്ച തുക ദുരുപയോഗം ചെയ്തു എന്ന് പോള്‍ കോടതിയില്‍ പറഞ്ഞു. നുണകള്‍ പ്രചരിപ്പിക്കുകയാണ് പോള്‍ എന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രതികരിച്ചു. ആര് മാധ്യമങ്ങളോട് സംസാരിക്കണം എന്നുള്ളതല്ല നിമിഷയുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് കാര്യമെന്ന് ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. ആക്ഷന്‍ കൗണ്‍സില്‍ മൂന്ന് ഗ്രൂപ്പുകള്‍ ആയി തിരിഞ്ഞു. ഏഴു ദിവസത്തിനകം സര്‍ക്കാര്‍ നിമിഷപ്രിയയെ മോചിപ്പിച്ചില്ലെങ്കില്‍ താന്‍ വീണ്ടും ഇടപെടുമെന്ന് കെ എ പോള്‍ കോടതിയെ അറിയിച്ചു.
നിമിഷ തനിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ കണ്ടത്. കാന്തപുരവും ആക്ഷന്‍ കൗണ്‍സിലിലെ മറ്റ് ആളുകളും മാധ്യമങ്ങളുമായി സംസാരിക്കുന്നത് വിലക്കണമെന്ന് നിമിഷ ആവശ്യപ്പെട്ടു. ഇന്ന് ഓണ്‍ലൈനായി നിമിഷയെ കോടതിയില്‍ താന്‍ ഹാജരാക്കിയേനേയെന്നും ഇനി എന്ത് സംഭവിച്ചാലും താന്‍ ഉത്തരവാദിയല്ലെന്ന് പോള്‍ കോടതിയില്‍ പറഞ്ഞു.



