
പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന ബിജെപി നേതാവ് സി.കൃഷ്ണകുമാറിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത്. കൃഷ്ണകുമാര്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചത് നിയമങ്ങള്‍ ലംഘിച്ചാണെന്നും വ്യാജസത്യവാങ്മൂലം നല്‍കിയെന്നും സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി. ആറുമാസം മുതല്‍ മൂന്നുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും പരാതി കിട്ടിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ണടച്ചെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോടതിയില്‍ നിയമനടപടിപടികളുമായി മുന്നോട്ടുപോകുമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. ഇല്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് വ്യക്തമാക്കട്ടെയെന്നും അദ്ദേഹം ആരോപിച്ചു.
കൃഷ്ണകുമാര്‍ അഞ്ചു തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചത് സത്യവാങ്മൂലത്തില്‍ കള്ളം പറഞ്ഞാണെന്നാണ് സന്ദീപ് വാര്യരുടെ ആരോപണം. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ജിഎസ്ടിയുമായി ബന്ധപ്പെട്ട ഒരു കുടിശ്ശികയുമില്ല എന്നാണ് സി.കൃഷ്ണകുമാര്‍ സത്യവാങ്മൂലം നല്‍കിയത്. കമ്പനികളുമായി കരാറില്ലെന്നും ബന്ധമില്ലെന്നും പറഞ്ഞു. എന്നാല്‍ കൃഷ്ണകുമാറിന്റെ കമ്പനിക്ക് 2018 മുതല്‍ 2021 വരെയുള്ള ജിഎസ്ടി കുടിശ്ശിക അടയ്ക്കാന്‍ കാണിച്ച് ജിഎസ്ടി ഭവന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നു പറഞ്ഞ സന്ദീപ് വാര്യര്‍ ഇതിന്റെ രേഖകളും വാര്‍ത്തസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.
രാജ്യത്തു നിലനില്‍ക്കുന്ന നിയമങ്ങളുടെ ലംഘനമാണിതെന്നും വ്യാജ സത്യവാങ്മൂലം നല്‍കല്‍ ആറു മാസത്തെ തടവുശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണെന്നും സന്ദീപ് വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വിലക്ക് ലഭിക്കാവുന്ന കുറ്റമാണ്. അഞ്ചു തവണ വ്യാജ സത്യവാങ്മൂലം നല്‍കിയതിലൂടെ ചുരുങ്ങിയതു മൂന്നു വര്‍ഷമെങ്കിലും ജയിലില്‍ കിടക്കേണ്ട കുറ്റമാണ് കൃഷ്ണകുമാര്‍ ചെയ്തിരിക്കുന്നതെന്നും സന്ദീപ് വാര്യര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
താന്‍ ആരോപിക്കുന്ന കാര്യം കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് പരാതിയായി വന്നിരുന്നോവെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്തമാക്കണം. പരാതി വന്നിരുന്നെങ്കില്‍ ഹിയറിങ്ങിനു വിളിച്ചിരുന്നോ, അതോ ഹിയറിങ്ങിനു വിളിക്കാതെ പരാതി അട്ടിമറിക്കുകയായിരുന്നോ തെരഞ്ഞെടുപ്പു കമ്മിഷന്‍ ചെയ്തത്? ഇക്കാര്യങ്ങള്‍ കമ്മിഷനു മുന്‍പാകെ ഉന്നയിക്കുകയാണെന്നും കമ്മീഷന്‍ മറുപടി പറയട്ടെയെന്നും സന്ദീപ് വ്യക്തമാക്കി.



