പലസ്തീനിയന്‍ ഉദ്യോഗസ്ഥര്‍ക്ക് വീസ നിഷേധിച്ച് അമേരിക്ക; നടപടി യു.എന്‍ പൊതുസഭയ്ക്ക് മുന്നോടിയായി; ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയെന്ന് അമേരിക്ക.

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്രസഭാ പൊതുസഭയ്ക്കു മുന്നോടിയായി പലസ്തീനില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ക്ക് വീസ നിഷേധിച്ച് അമേരിക്കന്‍ ഭരണകൂടം. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍, പലസ്തീനിയന്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് വീസ നിഷേധിച്ചതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ദേശീയ സുരക്ഷ കണക്കിലെടുത്താണ് വീസ നിഷേധിച്ചതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. പിഎല്‍ഒ, പി.എ ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റിയില്ലെന്നും സമാധാനശ്രമങ്ങള്‍ക്ക് തുരങ്കം വച്ചെന്നുമാണ് അമേരിക്കന്‍ വാദം. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ ഭീകരവാദത്തെ തള്ളിപ്പറയാന്‍ തയ്യാറല്ലാത്തത് കൊണ്ടാണ് ഗാസയില്‍ ആക്രമണം നടക്കുന്നതെന്നും അമേരിക്ക കുറ്റപ്പെടുത്തുന്നു.

ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മധ്യസ്ഥ ശ്രമങ്ങളെ പിഎല്‍ഒ തുരങ്കം വച്ചെന്നാണ് ആരോപണം. ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നല്‍കിയ പരാതി അടിസ്ഥാനമാക്കിയാണ് അമേരിക്കയുടെ ആരോപണം. ഗാസയിലും വെസ്റ്റ് ബാങ്കിലും നടക്കുന്ന ഇസ്രായേല്‍ അതിക്രമത്തെ കൂട്ടക്കൊല എന്നാണ് യു.എന്‍ വിശേഷിപ്പിച്ചത്. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നവരെന്നും സമാധാനത്തിന് തുരങ്കം വച്ചവരെന്നുമാണ് പിഎല്‍ഒ, പിഎ പ്രതിനിധികളെ അമേരിക്ക വിശേഷിപ്പിച്ചത്. അതേസമയം സാധാരണഗതിയില്‍ പൊതുസഭയിലേക്ക് പലസ്തീന്‍ വലിയൊരു സംഘത്തെ തന്നെ അയയ്ക്കാറുള്ളതിനാല്‍ ആര്‍ക്കെല്ലാമാണ് വീസ നിഷേധിക്കപ്പെട്ടതെന്നത് വ്യക്തമല്ല.

സെപ്തംബര്‍ 9ന് ആരംഭിക്കുന്ന പൊതുസഭയില്‍ പലസ്തീന്‍ പ്രസിഡണ്ട് മഹ്‌മൂദ് അബ്ബാസ് പങ്കെടുത്തേക്കുമെന്ന് പലസ്തീന്‍ വക്താവ് റിയാദ് മന്‍സൂര്‍ വ്യക്തമാക്കി. യു.എന്‍ പൊതുസഭയില്‍ സെപ്തംബര്‍ 22ന് പലസ്തീനികളുടെ അവകാശങ്ങളെ കുറിച്ചുള്ള സെഷനിലും അദ്ദേഹം പങ്കെടുത്തേക്കും. എന്നാല്‍, വീസ നിഷേധിക്കാനുള്ള അമേരിക്കന്‍ നീക്കം അബ്ബാസിന്റെ സന്ദര്‍ശനത്തിന് വിലങ്ങു തടിയാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഏതു രീതിയിലാണ് അമേരിക്കന്‍ നീക്കം തിരിച്ചടിയാകുന്നത് എന്ന് പരിശോധിച്ച ശേഷമായിരിക്കും അതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് പലസ്തീന്‍ തീരുമാനിക്കുക.

Scroll to Top