നരേന്ദ്ര മോദി കാത്തിരിക്കുക; ആറ്റം ബോംബിനേക്കാള്‍ വലിയ ഹൈഡ്രജന്‍ ബോംബ് വരാനുണ്ട്; ജനസാഗരം തീര്‍ത്ത് വോട്ടര്‍ അധികാര്‍ യാത്ര സമാപിച്ചു.

പട്‌ന: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനും ശക്തമായ താക്കീത് നല്‍കി രാഹുല്‍ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര സമാപിച്ചു. ജനസാഗരത്തിന്റെ ആശീര്‍വാദത്തോടെയാണ് 16 ദിവസമായി നടന്നു വന്ന വോട്ടര്‍ അധികാര്‍ യാത്ര സമാപിച്ചത്. നരേന്ദ്രമോദിക്ക് വോട്ട് ചോരിയേക്കാള്‍ വലിയ ബോംബ് വരാനുണ്ടെന്ന മുന്നറിയിപ്പ് രാഹുല്‍ഗാന്ധി നല്‍കി. താന്‍ മുമ്പു നടത്തിയ വാര്‍ത്താസമ്മേളനം ആറ്റം ബോംബ് ആയിരുന്നെങ്കില്‍ അതിലും വലിയ ഹൈഡ്രജന്‍ ബോംബ് കൈവശുണ്ടെന്നും രാഹുല്‍ പറഞ്ഞു. ‘ആറ്റം ബോംബിനെക്കുറിച്ച് ബിജെപി കേട്ടിട്ടുണ്ടോ? ഞാനത് വാര്‍ത്താസമ്മേളനത്തില്‍ കാണിച്ചതാണ്. ഇപ്പോള്‍, അതിലും വലുതായ ഒന്നുണ്ട്-ഹൈഡ്രജന്‍ ബോംബ്. നിങ്ങളെല്ലാവരും അതിനായി തയ്യാറായിരിക്കണം. വോട്ട് മോഷണത്തെക്കുറിച്ചുള്ള സത്യം രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടും. ആ ഹൈഡ്രജന്‍ ബോംബിന് ശേഷം പ്രധാനമന്ത്രി മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ലെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

‘വോട്ടുചോരി’ എന്നാല്‍ നമ്മുടെ അവകാശങ്ങള്‍, സംവരണം, തൊഴില്‍, വിദ്യാഭ്യാസം, ജനാധിപത്യം എന്നിവയുടെ മോഷണമാണെന്ന് രാഹുല്‍ ?ഗാന്ധി പറഞ്ഞു. ബിജെപി ജനങ്ങളുടെ റേഷന്‍ കാര്‍ഡും ഭൂമിയും തട്ടിയെടുത്ത് അദാനിക്കും അംബാനിക്കും നല്‍കുമെന്നും അദ്ദേ?ഹം വിമര്‍ശിച്ചു. ‘വോട്ടര്‍ അധികാര്‍ യാത്ര’യ്ക്ക് ലഭിച്ച ജനപിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു. മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ അതേ ശക്തികളാണ് ഡോ. ബി.ആര്‍. അംബേദ്കറുടെയും മഹാത്മ ഗാന്ധിയുടെയും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത്. ഇന്ത്യയുടെ ഭരണഘടനയെ തകര്‍ക്കാന്‍ അവരെ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സമാപന ചടങ്ങില്‍ ആയിക്കണക്കിന് ആളുകള്‍ പങ്കെടുത്തു. ബിഹാറിലെ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ ഒരു എഞ്ചിന്‍ കുറ്റകൃത്യത്തിലും മറ്റേത് അഴിമതിയിലുമാണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. നിരവധി പേരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റുന്നുണ്ട്. വളരെ തന്ത്രപരമായി നിരവധി കള്ളവോട്ടുകളും ചേര്‍ക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

കേന്ദ്ര സര്‍ക്കാരിനെതിരേ വോട്ടുകവര്‍ച്ച ആരോപണം ഉയര്‍ത്തിയാണ് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 16 ദിവസമായി വോട്ടര്‍ അധികാര്‍ യാത്ര നടന്നത്. ആഗസ്ത് 17-ന് ബിഹാറിലെ സസാറാമില്‍നിന്നുതുടങ്ങിയ യാത്രയില്‍ വന്‍ ജനപങ്കാളിത്തമുണ്ടായതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ബിഹാറിലെ 20 ജില്ലകളിലൂടെ 1300-ലധികം കിലോമീറ്റര്‍ സഞ്ചരിച്ചാണ് യാത്ര പട്നയിലെത്തിയത്. പട്നയിലെ ഗാന്ധിമൈതാനിയില്‍നിന്ന് ആരംഭിച്ച സമാപന പദയാത്രയില്‍ ആയിരക്കണക്കിന് പേര്‍ അണിനിരന്നു.

Scroll to Top