രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം; പങ്കെടുക്കണമെന്നും മാറിനില്‍ക്കണമെന്നും അഭിപ്രായങ്ങള്‍. ശരിയായ കോഴികള്‍ ഭരണപക്ഷത്തെന്ന് കെ.മുരളീധരന്‍.

തിരുവനന്തപുരം: ലൈംഗികാരോപണത്തില്‍ കുടുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടുന്ന കോണ്‍ഗ്രസ് നേതാക്കളുടെ എണ്ണം വര്‍ധിക്കുന്നു. അതേസമയം, രാഹുല്‍ മാറിനില്‍ക്കണമെന്ന് ഒരു വിഭാഗവും ആവശ്യപ്പെടുന്നുണ്ട്. ലൈംഗിക ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ ആരും ഇതുവരെ പരാതി കൊടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി കൂടുതല്‍ നേതാക്കള്‍ രാഹുല്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടു. സസ്‌പെന്‍ഷനെ അനുകൂലിച്ച് കൈപൊക്കിയവര്‍ പോലും സഭയില്‍ നിന്ന് രാഹുലിനെ വിലക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ചു. എന്നാല്‍, രാഹുല്‍ അവധിയെടുത്ത് മാറി നില്‍ക്കുന്നതാണ് വിഷയത്തില്‍ ഭരണപക്ഷത്തിന്റെ വായടിപ്പിക്കാന്‍ നല്ലതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെ അനുകൂലിക്കുന്നവരുടെ പക്ഷം. അതേസമയം, രാഹുല്‍ സഭയില്‍ വന്നാലും ഭരണപക്ഷത്തുള്ള സമാന ആരോപണം നേരിടുന്നവരെ ചൂണ്ടി ഭരണപക്ഷത്തെ നേരിടാമെന്നാണ് രാഹുലിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.

രാഹുലിനെതിരെ ഇതുവരെ പരാതിയില്ലെന്നും നിയമസഭയില്‍ വരുന്നതില്‍ തടസ്സമില്ലെന്നും കെ മുരളീധരനും വ്യക്തമാക്കി. ശരിയായ കോഴികള്‍ ഭരണപക്ഷത്തുണ്ടെന്ന പരിഹാസമാണ് മുരളീധരന്‍ നടത്തിയത്. കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാക്കളായ അടൂര്‍ പ്രകാശും എം.എം ഹസനുമെല്ലാം രാഹുല്‍ സഭയില്‍ വരുന്നതിനെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. ആരോപണങ്ങളെ ലഘൂകരിച്ച് കണ്ടാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പിന്തുണ ആവര്‍ത്തിക്കുന്നത്. കടുത്ത നടപടിയാണ് രാഹുലിനെതിരെ എടുത്തതെന്നും യുഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. രാഹുല്‍ പങ്കെടുക്കാന്‍ തീരുമാനിച്ചാല്‍ സംരക്ഷണം നല്‍കേണ്ടത് നിയമസഭാ സെക്രട്ടേറിയറ്റിന്റെയും സര്‍ക്കാരിന്റെയും നിയമപരമായ ബാധ്യതയാണെന്ന് മുന്‍ മന്ത്രി കെസി ജോസഫും പ്രതികരിച്ചു.

അതേസമയം,വിശദീകരണം പോലും ചോദിക്കാതെ സസ്‌പെന്‍ഡ് ചെയ്തതിലെ അതൃപ്തിയിലാണ് എ ഗ്രൂപ്പ്. പല തട്ടില്‍ നിന്ന എ ഗ്രൂപ്പ് നേതാക്കള്‍ രാഹുലിന്റെ നടപടിക്ക് പിന്നാലെ പഴയ അടുപ്പത്തിലേക്ക് തിരിച്ചെത്താനുള്ള നീക്കത്തിലാണ് . രാഹുലിനെതിരായ കടുത്ത നടപടി കുറ്റം ശരിവയ്ക്കുന്നതു പോലെയായി എന്ന വിമര്‍ശനവും എ ഗ്രൂപ്പിനുണ്ട്. ഈ മാസം പതിനഞ്ചിനാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്.

Scroll to Top