
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിവാദത്തില്‍ മുന്‍നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് സിപിഐഎം. യുവതീ പ്രവേശന വിവാദം കഴിഞ്ഞു പോയ അധ്യായമാണെന്നും പാര്‍ട്ടി എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. ”വിശ്വാസികളുടെ നിലപാടുമായി ബന്ധപ്പെട്ടാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. ഒരു വിശ്വാസത്തിനും എതിരായ നിലപാട് ഇന്നലെയും എടുത്തിട്ടില്ല, നാളെയും എടുക്കില്ലെന്നും എം.വി.ഗോവിന്ദന്‍ മാഷ് കൂട്ടിച്ചേര്‍ത്തു.
അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകളുടെ ആവശ്യം കണക്കിലെടുത്തായിരുന്നു തീരുമാനം. ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരുടെ പിന്തുണ അതിനു ലഭിച്ചിട്ടുണ്ട്. രാഷ്ട്രീയ ഉദ്ദേശ്യത്തോടെ മതത്തെയും വിശ്വാസത്തെയും കൈകാര്യം ചെയ്യുന്നവരാണ് വര്‍ഗീയ വാദികള്‍. അവരാണ് ഈ വിഷയത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വര്‍ഗീയവാദികള്‍ക്ക് വിശ്വാസമില്ല. വിശ്വാസം ഉപകരണമായി ഉപയോഗിക്കുന്നവരാണ് വര്‍ഗീയവാദികള്‍. അവരുടെ പ്രചാരണവേലയോടൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ സിപിഎം ഇല്ല. വിശ്വാസികള്‍ക്കൊപ്പമാണ് സിപിഎം. കോടതിവിധിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് യുവതീപ്രവേശന വിഷയത്തില്‍ അന്നുണ്ടായത്. ഇപ്പോള്‍ അതിലൂടെ കടന്നുപോകേണ്ട കാര്യമില്ല. അന്നുണ്ടായതിനെപ്പറ്റി ഒരു കാര്യവും പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.
ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി വൈശാഖന്‍ ഉള്‍പ്പെടെയുള്ളവരെ തിരിച്ചെടുക്കുന്നത് സംഘടനാപരമായ തീരുമാനമാണെന്നു ചോദ്യത്തിനു മറുപടിയായി എം.വി.ഗോവിന്ദന്‍ പറഞ്ഞു. സഹപ്രവര്‍ത്തക ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടര്‍ന്ന് അച്ചടക്ക നടപടിയുടെ ഭാഗമായാണ് വൈശാഖനെ പാര്‍ട്ടി പദവികളില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ ബിജു, പുത്തലത്ത് ദിനേശന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് വൈശാഖനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.



