വീണ്ടും വിദ്വേഷ പ്രസ്താവനയുമായി വെള്ളാപ്പള്ളി നടേശന്‍; മലബാര്‍ കലാപത്തില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടു., സ്വാതന്ത്ര്യ സമരമാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു.

തിരുവനന്തപുരം: വീണ്ടും വിദ്വേഷം ചീറ്റി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മലബാര്‍ കലാപത്തെ വര്‍ഗീയ സംഘര്‍ഷമാക്കാനാണ് വെള്ളാപ്പള്ളി ശ്രമിച്ചത്. മലബാര്‍ കലാപത്തില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടെന്നും അത് സ്വാതന്ത്ര്യസമരമാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുസ്ലിങ്ങള്‍ക്കെതിരെ ഗുരുതരമായ വംശീയ വിമര്‍ശനമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. തന്നെപ്പോലെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്ന് പറഞ്ഞവരുടെ അനുയായികള്‍ ഇപ്പോള്‍ അങ്ങനെ ചെയ്യുന്നുണ്ടോ. പ്രവാചകന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അനുയായികള്‍ അനുസരിക്കാറുണ്ടോ. കിട്ടിയത് അവര്‍ മാത്രമെടുക്കുന്നതാണ് രീതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുസ്ലിം സമുദായം ലഹള നടത്തി ഹിന്ദുക്കളെ മാനഭംഗപ്പെടുത്തുകയും മതപരിവര്‍ത്തനം ചെയ്യുകയും ചെയ്ത മഹത്തായ ദുരിതമായിരുന്നു മലബാര്‍ കലാപം. അത് കേട്ടറിഞ്ഞ ഗുരുദേവന്‍ എന്താണ് ആ ദുഖം എന്നറിയാന്‍ കുമാരനാശാനെ അവിടേക്ക് അയച്ചു. കുമാരനാശാന്‍ അവിടെ പോയി എല്ലാം കണ്ട് തിരിച്ചെത്തി സത്യങ്ങള്‍ എല്ലാം ഗുരുവിനോട് പറഞ്ഞു. അതില്‍ ഗുരുവിനുണ്ടായ ദുഃഖമാണ് സര്‍വതമത സമ്മേളനം വിളിച്ചുകൂട്ടാനുണ്ടായ പ്രേരകശക്തിയെന്ന് വെള്ളാപ്പള്ളി പറഞ്ഞു. കുമാരനാശാന്‍ അതുമായി ബന്ധപ്പെട്ട് കാവ്യം എഴുതുകയും ചെയ്തു.

ലോകത്ത് ശാശ്വതമായ സമാധാനമുണ്ടാകാന്‍ ഗുരുദര്‍ശനം മാത്രമാണ് ഒറ്റമൂലിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ഡിപി യോഗം പെരിങ്ങമല ശാഖ നിര്‍മിച്ച ശ്രീനാരായണീയം കണ്‍വന്‍ഷന്‍ സെന്ററിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടനപ്രസംഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വേദി വിട്ടതിനു ശേഷമായിരുന്നു വെള്ളാപ്പള്ളിയുടെ പരാമര്‍ശം. വര്‍ഗീയവിഷം ചീറ്റാന്‍ ഗുരുദര്‍ശനങ്ങളെ തന്നെ ദുരുപയോഗിക്കുകയാണെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു.

 

Scroll to Top