
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപത്തെ ഗ്രാമങ്ങള്‍ നഗ്നസംഘത്തെ കുറിച്ചുള്ള പരിഭ്രാന്തിയില്‍. നഗ്നരായി എത്തി ഒറ്റയ്ക്കുള്ള സ്ത്രീകളെ വലിച്ചിഴച്ച് വിജനമായ സ്ഥലത്തെത്തിച്ച് ബലാല്‍സംഗം ചെയ്യുന്നതാണ് സംഘത്തിന്റെ രീതി. വിവസ്ത്രരായി സംഘം ചേര്‍ന്ന് എത്തുന്നത് കൊണ്ടാണ് ഗ്രാമവാസികള്‍ ഇവരെ ‘ന്യൂഡ് ഗാങ്’ അഥവാ ‘നഗ്‌നസംഘം’ എന്നു വിളിച്ചത്. തുടരെ തുടരെ സ്ത്രീകള്‍ക്കെതിരെ ആക്രമണം ഉണ്ടായതോടെ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇതുവരെ ആക്രമി സംഘത്ത കുറിച്ച് കാര്യമായ ഒരു വിവരവും ലഭിച്ചിട്ടില്ല. ഇപ്പോള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഗ്രാമത്തിലെ കൃഷിയിടങ്ങളിലും ആള്‍പാര്‍പ്പില്ലാത്ത വിജനമായ മേഖലകളിലും തിരച്ചില്‍ നടത്തുകയാണ് മീററ്റ് പൊലീസ്.
ദൗറലയിലെ പെണ്‍കുട്ടിയ്ക്കു നേരെയാണ് ആദ്യം അക്രമമുണ്ടായത്. നീണ്ട കട്ടി മുടിയുമുള്ള രണ്ടു യുവാക്കളാണ് തന്നെ ആക്രമിച്ചതെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. യുവാക്കള്‍ നഗ്‌നരായിരുന്നുവെന്നും വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു. ഒറ്റപ്പെട്ട സംഭവമാണെന്ന് കരുതി ആദ്യഘട്ടത്തില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെങ്കിലും വൈകാതെ സംഗതി നിസ്സാരമല്ലെന്ന് മനസ്സിലായി. ഭരാല ഗ്രാമത്തില്‍ നിന്നുള്ള വീട്ടമ്മയായ സ്ത്രീയും പിന്നാലെ നഗ്നസംഘത്തിന്റെ ആക്രമണത്തിനിരയായി. വയലിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുന്നതിനിടെ വീട്ടമ്മ, രക്ഷപ്പെട്ട് ഓടുകയായിരുന്നു.
പിന്നാലെ മീററ്റിന് സമീപത്തെ മറ്റു രണ്ടിടങ്ങളിലും ഇതേ സംഭവം ആവര്‍ത്തിച്ചു. തുടരെ നാലു സ്ത്രീകള്‍ക്കെതിരെ നഗ്‌നസംഘം ആക്രമണം നടത്തിയതോടെ പൊലീസും വിഷയം ഗൗരവമായി പരിഗണിച്ചു തുടങ്ങി. ഇതോടെയാണ് പ്രതികള്‍ക്കായി ഡ്രോണ്‍ പരിശോധനയിലേക്ക് പൊലീസ് കടന്നത്. നിരീക്ഷണത്തിനായി സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. അതേസമയം നഗ്‌നസംഘത്തിന്റെ ആക്രമണത്തില്‍ കൂടുതല്‍ സ്ത്രീകള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.



