
ബംഗളൂരു: കര്‍ണാടകയില്‍ എയര്‍ ഗണ്‍ ഉപയോഗിച്ച് ഏഴുവയസ്സുകാരന്‍ അബദ്ധത്തില്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സഹോദരനായ ഒന്‍പത് വയസ്സുകാരന്‍ മരിച്ചു. കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയിലെ കരിയപ്പ ബസപ്പ (9) ആണ് മരിച്ചത്. സംഭവത്തില്‍ ഫാം ഉടമയെയും സഹായിയെയും കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഫാം ഉടമയുടെ എയര്‍ഗണ്ണില്‍ നിന്നാണ് വെടിയുതിര്‍ത്തത്.
സിര്‍സിക്ക് സമീപം സോമനഹള്ളി ചിപ്പഗി ഗ്രാമത്തിലെ ഒരു ഫാമില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ഫാമിലെ സഹായിയായ നിതീഷ് ഗൗഡ (40) കൈവശം വെച്ചിരുന്ന എയര്‍ഗണ്‍ കരിയപ്പയുടെ ഏഴു വയസ്സുകാരനായ സഹോദരന്റെ കൈവശമെത്തുകയും കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടി പൊട്ടുകയുമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഫാമിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കരിയപ്പ വെടിയേറ്റ് നിലത്തേക്ക് വീഴുന്നത് ദൃശ്യങ്ങളിലുണ്ട്. വെടിയുതിര്‍ത്തത് അടുത്ത ദൂരത്തുനിന്നാണെന്നും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കരിയപ്പയുടെ അമ്മ പവിത്ര ബസപ്പയുടെ പരാതിയിലാണ് ഗൗഡയ്ക്കും ഫാം ഉടമയായ രാഘവ് ഹെഗാഡെയ്ക്കുമെതിരെ കൊലപാതകത്തിനും ലൈസന്‍സില്ലാതെ തോക്ക് കൈവശം വെച്ചതിന് ഇന്ത്യന്‍ ആംസ് ആക്ട് പ്രകാരവും പോലീസ് കേസെടുത്തത്. രാഘവ് ഹെഗാഡെയുടെ സഹോദരന്‍ ഗണപതി ഹെഗാഡെയുടെ ഉടമസ്ഥതയിലുള്ള ഫാമിലാണ് സംഭവം നടന്നത്. ഗണപതിയുടെ ഫാമിലെ തൊഴിലാളികളായിരുന്നു പവിത്രയും കുടുംബവും. തൊട്ടടുത്ത ഫാം രാഘവിന്റെ ഉടമസ്ഥതയിലാണ്. വെടിയുതിര്‍ത്ത സമയത്ത് രാഘവ് ഗണപതിയുടെ ഫാമിലെത്തിയിരുന്നു.
രാഘവ് ലൈസന്‍സില്ലാത്ത ഒരു എയര്‍ഗണ്‍ സംഘടിപ്പിക്കുകയും കുരങ്ങുകളെ ഓടിക്കാന്‍ ഗൗഡയുടെ സഹായം തേടുകയും ചെയ്തിരുന്നു എന്ന് പവിത്രയുടെ പരാതിയില്‍ പറയുന്നു. സെപ്തംബര്‍ 5-ന് കുട്ടികള്‍ ഫാമില്‍ കളിക്കുമ്പോള്‍, സഹായിയായ ഗൗഡ എയര്‍ഗണ്‍ ഉപയോഗിച്ച് തന്റെ മകന്‍ കരിയപ്പയ്ക്ക് നേരെ വെടിവെച്ചുവെന്നും അവര്‍ ആരോപിക്കുന്നു.



