
കാഠ്മണ്ഡു: സമൂഹമാധ്യമ നിരോധനത്തിനെതിരെ നേപ്പാളിലെ യുവതലമുറ നടത്തിവന്ന സമരത്തെ തുടര്‍ന്ന് കെ.പി ശര്‍മ ഒലി നേപ്പാള്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. സമരത്തിനൊടുവില്‍ സര്‍ക്കാര്‍ മുട്ടുമടക്കുകയും സമൂഹമാധ്യമ നിരോധനം നീക്കുകയും ചെയ്തതിനു പിന്നാലെയാണ് രാജി. ആളിപ്പടര്‍ന്ന ജെന്‍ സി വിപ്ലവത്തിന്റെ ചൂടില്‍ വെന്തുരുകിയാണ് കെ.പി ശര്‍മ ഒലി പ്രധാനമന്ത്രി പദം രാജിവച്ചത്. ജെന്‍ സി വിപ്ലവത്തില്‍ പ്രധാനമന്ത്രിയുടെയും പ്രസിഡണ്ടിന്റെയും വസതികളടക്കം പ്രക്ഷോഭകര്‍ അഗ്നിക്കിരയാക്കിയിരുന്നു. പ്രക്ഷോഭം കടുക്കുകയും, പാര്‍ലമെന്റ് മന്ദിരം, നേതാക്കളുടെ വസതികള്‍ എന്നിവയുള്‍പ്പെടെ നിരവധി സുപ്രധാന ഓഫീസുകള്‍ പ്രക്ഷോഭകര്‍ തകര്‍ക്കുകയും പ്രതിഷേധം മറ്റ് നഗരങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. ഒടുവില്‍ പ്രക്ഷോഭം കലാപമായി മാറിയതോടെയാണ് പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് കെ.പി ശര്‍മ ഒലിയുടെ അതിനിര്‍ണായക രാജി സംഭവിക്കുന്നത്. നേപ്പാളിലെ കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ വരെ താഴെയിറക്കാന്‍ ഈ സമരങ്ങള്‍ കാരണമാകുമോ എന്നാണ് ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്.
അഴിമതിക്കും, ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം അടക്കം 26 സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് നിരോധിച്ച ഏകാധിപത്യ തീരുമാനത്തിനും എതിരെയായിരുന്നു യുവാക്കളുടെ പ്രക്ഷോഭം. ജെന്‍ സീ വിപ്ലവം എന്നപേരില്‍ യുവാക്കളുടെ പ്രക്ഷോഭം ആളിപ്പടരുകയായിരുന്നു. വെള്ളിയാഴ്ച ആരംഭിച്ച പ്രക്ഷോഭം തിങ്കളാഴ്ച സുരക്ഷാസേന അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെയാണ് അക്രമാസക്തമായത്. പൊലീസ് നടപടികളെത്തുടര്‍ന്ന് 19 പേര് മരിച്ചിരുന്നു. 347 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. അക്രമസംഭവങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് രമേശ് ലേഗഖ് രാജിവച്ചിരുന്നു. തൊട്ടുപുറകെ അടിയന്തര മന്ത്രിസഭായോഗം വിളിച്ചുചേര്‍ത്ത സര്‍ക്കാര്‍ തിങ്കളാഴ്ച രാത്രി വൈകി സോഷ്യല്‍മീഡിയ സൈറ്റുകളുടെ നിരോധനം പിന്‍വലിച്ചുവെങ്കിലും പ്രക്ഷോഭം അവസാനിച്ചിരുന്നില്ല.
രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ, നേപ്പാളി സൈന്യം വെസതികളില്‍ നിന്ന് മന്ത്രിമാരെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് ഒഴിപ്പിക്കാന്‍ തുടങ്ങിയിരുന്നു. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും വീടുകള്‍ക്ക് നേരെ തീവെപ്പും ആക്രമണങ്ങളും ഉണ്ടായതിനെ തുടര്‍ന്നാണ് ഈ നടപടി. പാര്‍ലമെന്റ് മന്ദിരത്തിന്റെ സുരക്ഷയ്ക്കായി സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സൈനിക ബാരക്കുകളില്‍ സുരക്ഷയൊരുക്കിയിട്ടുണ്ട്.
നേപ്പാളി കോണ്‍ഗ്രസിന്റെ പിന്തുണയോടെ 2024 ജൂലായ് മുതല്‍ നാലാം തവണ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിക്കുകയായിരുന്ന ഒലി. തന്റെ ശക്തമായ നിലപാടുകള്‍ക്കും ദേശീയവാദ നയങ്ങള്‍ക്കും പേരുകേട്ട ഒലി, സ്ഥിരതയും സമൃദ്ധിയും വാഗ്ദാനം ചെയ്താണ് അധികാരത്തിലെത്തിയത്. എന്നാല്‍ വര്‍ധിച്ചുവരുന്ന അശാന്തിക്കും സ്വേച്ഛാധിപത്യ ആരോപണങ്ങള്‍ക്കും ഇടയിലാണ് അദ്ദേഹം പടിയിറങ്ങുന്നത്.



