
ആലപ്പുഴ: ആലപ്പുഴയില്‍ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷവിമര്‍ശനവും പരിഹാസവും. ഡിവൈഎഫ്‌ഐക്ക് രക്ഷാപ്രവര്‍ത്തന സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന കൈകൊണ്ട് തന്നെ പൊലീസിന് ഗുണ്ടാ സര്‍ട്ടിഫിക്കറ്റും കൊടുക്കണ്ട ഗതികേടിലാണ് ആഭ്യന്തര മന്ത്രിയെന്ന് സമ്മേളന പ്രതിനിധികള്‍ വിമര്‍ശിച്ചു. സമ്മേളനത്തില്‍ നടന്ന ചര്‍ച്ചയിലാണ് സിപിഐ സമ്മേളന പ്രതിനിധികള്‍ ആഭ്യന്തര വകുപ്പിനെ വിമര്‍ശിച്ചത്. സര്‍ക്കാരിന്റെ പൊലീസ് നയം സിപിഐ ഉള്‍ക്കൊള്ളുന്ന എല്‍ഡിഎഫിന്റേതല്ലെന്നും അതിനെതിരെ ഒരക്ഷരം മിണ്ടാന്‍ സിപിഐ നേതൃത്വത്തിന് കഴിയുന്നില്ലെന്നും ചര്‍ച്ചയില്‍ വിമര്‍ശനമുയര്‍ന്നു. പൊലീസിന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയത്തെയും പ്രതിനിധികള്‍ വിമര്‍ശിച്ചു. സെമിനാറിന് എത്തിയ മുഖ്യമന്ത്രി സമ്മേളനത്തെ അഭിവാദ്യം ചെയ്യാന്‍ പോലും മനസ്സ് കാണിച്ചില്ലെന്നും വിമര്‍ശനമുണ്ട്.
സിപിഐ എന്ന വാക്ക് ഉച്ചരിക്കാതിരിക്കാന്‍ മുഖ്യമന്ത്രി പാടുപെടുന്നത് കണ്ടുവെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രിക്ക് ലഭിക്കുന്ന പൊലീസ് അകമ്പടിക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനത്തിന് വരുമ്പോള്‍ എന്തിനാണിത്രയും പൊലീസ് അകമ്പടി എന്നായിരുന്നു ചോദ്യം. സമ്മേളന വേദിയില്‍ പോലീസിനെ കൊണ്ടുവന്ന് ഷോ കാണിച്ചു. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല. സമ്മേളന വേദിയില്‍ എന്ത് സുരക്ഷാ പ്രശ്നമാണുള്ളതെന്നും ചോദ്യം ഉയര്‍ന്നു.
പൊലീസ് സ്റ്റേഷന്‍ നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്നും വിമര്‍ശനമുണ്ടായി. മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുമ്പോള്‍ ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ സെക്രട്ടറിയും പൊലീസ് സ്റ്റേഷനുകളില്‍ ഇടി വാങ്ങുകയാണ്. സാധാരണ ജനത്തിന്റെയും അവസ്ഥ മറിച്ചല്ല. മുഖ്യമന്ത്രിയുടെ വകുപ്പ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മൂല്യങ്ങള്‍ ബലി കഴിക്കുകയാണെന്നും ഇതിനെ സിപിഐ ചോദ്യം ചെയ്യണമെന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ ഉന്നയിച്ചു.



