
തിരുവനന്തപുരം: കൊല്ലം കൊട്ടാരക്കരയില്‍ നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച ഐസക് ജോര്‍ജ് ഇനി ആറുപേരിലൂടെ ജീവിക്കും. ബന്ധുക്കളുടെ സമ്മതത്തോടെ ഐസകിന്റെ ആറു അവയവങ്ങള്‍ ദാനം ചെയ്തു. ആറു രോഗികള്‍ക്കായി ഐസകിന്റെ അവയവങ്ങള്‍ വച്ചുപിടിപ്പിക്കും. കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അങ്കമാലി സ്വദേശി 28 വയസ്സുകാരനായ അജിന്‍ ഏലിയാസിനാണ് ഐസക് ജോര്‍ജിന്റെ ഹൃദയം നല്‍കിയത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, 2 നേത്രപടലങ്ങള്‍ തിരുവനന്തപുരം സര്‍ക്കാര്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രി എന്നിവിടങ്ങളിലെ രോഗികള്‍ക്കും നല്‍കി.
തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. അവയവ വിന്യാസം വേഗത്തിലാക്കിയ കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍ (കെ സോട്ടോ), പോലീസ് സേന, ജില്ലാ ഭരണകൂടങ്ങള്‍, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, ആംബുലന്‍സ് ജീവനക്കാര്‍, പൊതുജനങ്ങള്‍ തുടങ്ങിയ എല്ലാവര്‍ക്കും മന്ത്രി നന്ദി അറിയിച്ചു. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം അവയവങ്ങള്‍ എത്രയും പെട്ടെന്ന് അതത് ആശുപത്രികളില്‍ എത്തിക്കാന്‍ കെ-സോട്ടോ നടപടി സ്വീകരിച്ചു.
കൊട്ടാരക്കര കിഴക്കേത്തെരുവ് പള്ളിമുക്കില്‍ വെച്ച് സെപ്റ്റംബര്‍ ആറിന് രാത്രി 8 മണിയോടെ ഐസക് നടത്തുന്ന പള്ളിമുക്കിലെ റസ്റ്ററന്റിന് മുന്‍വശത്ത് റോഡ് മുറിച്ച് കടക്കവേ ബൈക്ക് ഇടിച്ച് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഐസകിനെ ഉടന്‍ തന്നെ അടുത്തുള്ള കൊട്ടാരക്കര ആശുപത്രിയില്‍ എത്തിക്കുകയും തുടര്‍ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. സെപ്റ്റംബര്‍ 10ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. ഭാര്യ നാന്‍സി മറിയം സാം, രണ്ട് വയസ്സുള്ള മകള്‍ അമീലിയ നാന്‍സി ഐസക്, സി.വൈ. ജോര്‍ജ് കുട്ടി (ലേറ്റ്), മറിയാമ്മ ജോര്‍ജ് എന്നിവരാണ് ഐസക്കിന്റെ കുടുംബാംഗങ്ങള്‍.



