
കല്‍പറ്റ: വയനാട്ടില്‍ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ ഡ്യൂട്ടിക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെ പരാതി. വയനാട് പടിഞ്ഞാറത്തറയിലെ സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസിലാണ് സംഭവം. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ രതീഷ് കുമാറിന് എതിരെയാണ് പരാതി. ഫോറസ്റ്റ് ഓഫിസിലാണ് പീഡനശ്രമം നടന്നതെന്നാണ് പരാതി. രതീഷ് കുമാറിനെതിരെ പടിഞ്ഞാറത്തറ പൊലീസ് കേസെടുത്തു.
സെപ്റ്റംബര്‍ ഒന്നിന് രാത്രി ഡ്യൂട്ടിക്കിടെ റൂമില്‍ കയറി രതീഷ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഡ്യൂട്ടി കഴിഞ്ഞ് പോയ രതീഷ് മടങ്ങിയെത്തിയാണ് പീഡനശ്രമം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. പീഡനത്തെ ചെറുത്ത വനിതാ ബിഎഫ്ഒ പുറത്തേക്ക് ഇറങ്ങി ഓടി. രതീഷിനെ കല്‍പറ്റ റേഞ്ച് ഓഫിസിലേക്ക് സ്ഥലം മാറ്റിയതായും വകുപ്പ് തല അന്വേഷണം നടന്നു വരികയാണന്നും സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമന്‍ പറഞ്ഞു.
വനിതാ ബീറ്റ് ഓഫിസര്‍ നല്‍കിയ പരാതിയില്‍ വകുപ്പുതല നടപടിക്കു മുന്നോടിയായി അന്വേഷണം നടത്താനുള്ള നിര്‍ദ്ദേശം നല്‍കിയതായി വനംമന്ത്രി എ.കെ.ശശീന്ദ്രനും അറിയിച്ചു. അതേസമയം ഒരു വനിതാ ഫോറസ്റ്റ് ഓഫിസറെ മാത്രം രാത്രി ഡ്യൂട്ടിക്ക് നിയോഗിച്ചതില്‍ അപാകത സംഭവിച്ചിട്ടുണ്ടെന്ന ആക്ഷേപവും ശക്തമാണ്.



