പൊലീസ് അതിക്രമം; മുഖ്യമന്ത്രിയെ നിയമസഭയില്‍ വിചാരണ നടത്തും; മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്ന് വി.ഡി സതീശന്‍.

 

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന പൊലീസ് അതിക്രമങ്ങള്‍ക്ക് മുഖ്യമന്ത്രിയെ കൊണ്ട് നിയമസഭയില്‍ മറുപടി പറയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ജനങ്ങള്‍ക്ക് വേണ്ടി നിയമസഭയില്‍ മുഖ്യമന്ത്രിയെ വിചാരണ ചെയ്യും. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തങ്ങള്‍ കൂട്ടായ നടപടിയെടുത്തു. ബലാത്സംഗകേസിലെ പ്രതി ഉള്‍പ്പെടെ ഭരണപക്ഷത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുവാക്കളെ ഇനിയും പിന്തുണയ്ക്കും. തെറ്റ് ചെയ്ത ഒരാളെയും സംരക്ഷിക്കില്ല. തനിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായതെല്ലാം വ്യാജ അക്കൗണ്ടുകളില്‍ നിന്നാണ്. പാര്‍ട്ടി പൂര്‍ണ്ണപിന്തുണ നല്‍കിയെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, തിങ്കളാഴ്ച ആരംഭിക്കുന്ന 14-ാം നിയമസഭാ സമ്മേളനം പലവിഷയങ്ങളാലും കലുഷിതമാകും. ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഇത്തവണ ആക്രമിക്കാന്‍ വിഷയങ്ങളുടെ ധാരാളിത്തമാണ്. രാഹുല്‍ മാങ്കൂട്ടത്തിലായിരിക്കും ഭരണപക്ഷത്തിന്റെ ആക്രമണങ്ങളുടെ കുന്തമുന. പ്രതിപക്ഷത്തിന് വിഷയം ഒരുപാടുണ്ട്. പൊലീസ് സ്റ്റേഷനിലെ മര്‍ദ്ദനങ്ങള്‍ അടക്കം ആരോഗ്യരംഗത്തെ വീഴ്ചകളും ഇപ്പോള്‍ ഏറ്റവുമൊടുവില്‍ മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കല്‍ വിവാദം അടക്കം പ്രതിപക്ഷത്തിന് സര്‍ക്കാരിനെ അടിക്കാനുള്ള വടിയാണ്. പൊലീസ് അതിക്രമങ്ങളെ കുറിച്ച് മൗനം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നമിടുകയാണ് ലക്ഷ്യം.

തദ്ദേശ,നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെ ആഭ്യന്തര വകുപ്പിന്റെ വീഴ്ചകള്‍ എണ്ണിപറഞ്ഞു സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.നിയമസഭയില്‍ അതിനു തുടക്കമിടും. അയ്യപ്പ സംഗമവും,തൃശൂരിലെ ശബ്ദരേഖ വിവാദവും സഭയില്‍ ചര്‍ച്ചയാകും. അക്രമകാരികളായ വന്യജീവികളെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവിടുന്ന നിയമഭേദഗതി ബില്ലടക്കം പ്രധാനപ്പെട്ട നിയമനിര്‍മ്മാണങ്ങള്‍ സഭയില്‍ എത്തുന്നുണ്ട്.

Scroll to Top