നേപ്പാളിന് ഇത് ചരിത്ര നിമിഷം; ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി സുശീല കര്‍ക്കി; അധികാരം രുചിക്കാനല്ല ചുമതലയേറ്റതെന്ന് കര്‍ക്കി.

സശീല കര്‍ക്കി നേപ്പാള്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു

കാഠ്മണ്ഡു: നേപ്പാളില്‍ ചരിത്രം കുറിച്ച് നേപ്പാളിന്റെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയായി മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി അധികാരമേറ്റു. ജെന്‍ സി പ്രക്ഷോഭത്തിനു പിന്നാലെ നിലവിലെ സര്‍ക്കാര്‍ രാജിവച്ചതോടെയാണ് ഇടക്കാല പ്രധാനമന്ത്രിയായി സുശീല കര്‍ക്കി ചുമതലയേറ്റത്. പ്രസിഡണ്ട് രാംചന്ദ്ര പൗഡേല്‍ ആണ് കര്‍ക്കിയെ പ്രധാനമന്ത്രിയായി നിയമിച്ചത്. തന്റെ ഭരണകൂടം ചുമതലയേറ്റത് അധികാരം രുചിക്കാനല്ലെന്നും രാജ്യത്ത് സ്ഥിരത കൊണ്ടുവരാനും നീതിക്കായുള്ള ആവശ്യങ്ങള്‍ പരിഗണിക്കാനും അടുത്ത ആറുമാസത്തിനകം പുതിയ തെരഞ്ഞെടുപ്പിന് രാജ്യത്തെ സജ്ജമാക്കാനുമാണെന്ന് ചുമത ഏറ്റതിനു പിന്നാലെ സുശീല കര്‍ക്കി പറഞ്ഞു.

വെള്ളിയാഴ്ച രാത്രിയാണ് 73-കാരിയായ സുശീല, നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. നേപ്പാളിന്റെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസായും ചരിത്രം സൃഷ്ടിച്ചയാളാണ് സുശീല കര്‍ക്കി. 2016 ജൂലൈ മുതല്‍ 2017 ജൂണ്‍ വരെ നേപ്പാളിന്റെ ചീഫ് ജസ്റ്റിസായിരുന്നു സുശീല. സമൂഹമാധ്യമ നിരോധനത്തിനും അഴിമതിക്കുമെതിരെ ഉയര്‍ന്ന ജെന്‍ സീ വിപ്ലവത്തിന് പിന്നാലെ കെ.പി. ശര്‍മ ഒലി രാജിവെച്ചതോടെയാണ് സുശീല, ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തെത്തുന്നത്. ആറുമാസത്തിലധികം താനോ തന്റെ സംഘമോ അധികാരത്തില്‍ തുടരില്ലെന്നും കര്‍ക്കി വ്യക്തമാക്കി.

27 മണിക്കൂര്‍ നീണ്ട പ്രക്ഷോഭം നേപ്പാളില്‍ ആദ്യമായാണെന്നും സുശീല കര്‍ക്കി പറഞ്ഞു. സാമ്പത്തിക സമത്വവും അഴിമതി നിര്‍മ്മാര്‍ജനവുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. സെപ്റ്റംബര്‍ എട്ടിന് മരിച്ചവരെയെല്ലാം രക്തസാക്ഷികളായി പ്രഖ്യാപിക്കുകയും ഓരോരുത്തരുടെയും കുടുംബത്തിന് പത്തുലക്ഷം രൂപ വീതം നല്‍കുകയും ചെയ്യും. പരിക്കേറ്റവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും അവര്‍ പറഞ്ഞു.

Scroll to Top