
വാഷിംഗ്ടണ്‍: റഷ്യ-യുക്രൈന്‍ യുദ്ധം മണിക്കൂറുകള്‍ക്കുള്ളില്‍ അവസാനിപ്പിക്കുമെന്ന അവകാശവാദത്തില്‍ നിന്ന് മലക്കം മറിഞ്ഞ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ശത്രുത ഇത്ര കടുത്തതായിരിക്കുമെന്ന് താന്‍ കരുതിയിരുന്നില്ല. ഏഴ് യുദ്ധങ്ങള്‍ അനായാസം അവസാനിപ്പിച്ച തന്നെ സംബന്ധിച്ച് ഈ യുദ്ധം ലാഘവത്തോടെ പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് വിശ്വസിച്ചിരുന്നു. എന്നാല്‍, റഷ്യന്‍ പ്രസിഡണ്ട് വ്്‌ളാദിമിര്‍ പുടിനും യുക്രൈന്‍ പ്രസിഡണ്ട് വ്‌ളാദമിര്‍ സെലന്‍സ്‌കിയും ഇത്ര കടുത്ത ശത്രുതയിലാണെന്ന് താന്‍ മനസ്സിലാക്കിയില്ലെന്നും ട്രംപ് വ്യക്തമാക്കി.
തന്നെ സംബന്ധിച്ച് റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നത് നിസ്സാരമായിരിക്കുമെന്നാണ് വിചാരിച്ചത്. എന്നാല്‍ ഇത് കൂടുതല്‍ കഠിനമായി മാറിയിരിക്കുന്നു. സെലന്‍സ്‌കിയും പുതിനും തമ്മിലുള്ള വൈരം അഗാധമാണ്. പരസ്പരമുള്ള ശത്രുതമൂലം ശ്വാസംമുട്ടുന്ന സ്ഥിതിയിലാണ് അവര്‍. അതുകൊണ്ട് അവര്‍ക്ക് പരസ്പരം സംസാരിക്കാന്‍ പോലും കഴിയുന്നില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
റഷ്യ-യുക്രൈന്‍ യുദ്ധം താന്‍ അവസാനിപ്പിക്കും എന്നത് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സമയത്ത് ട്രംപിന്റെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. അധികാരത്തിലേറിയതിനു ശേഷവും, താനിടപെട്ട് 24 മണിക്കൂറിനുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്ന് നിരവധി തവണ ട്രംപ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എന്നാല്‍ അധികാരത്തിലെത്തി ഒന്‍പത് മാസം കഴിഞ്ഞിട്ടും വിഷയത്തില്‍ എന്തെങ്കിലും പുരോഗതി കൈവരിക്കാന്‍ ട്രംപിന് കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് അവകാശവാദത്തില്‍ നിന്ന് പിന്നോക്കം പോകുന്ന ട്രംപിന്റെ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് യുക്രൈന് എതിരായ യുദ്ധത്തില്‍ റഷ്യയ്ക്ക് സഹായകമാകുന്നെന്നും അത് നിര്‍ത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യയ്ക്ക് 25 ശതമാനം പിഴത്തീരുവ ചുമത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ട്രംപിന്റെ ഭീഷണി വകവെക്കാതിരുന്നതോടെ റഷ്യയ്ക്കുമേല്‍ ആ നിലയ്ക്കുള്ള സമ്മര്‍ദങ്ങള്‍ ലക്ഷ്യംകണ്ടിരുന്നില്ല.



