മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരെ ആഞ്ഞടിച്ച് വി.ഡി സതീശന്‍; മുഖ്യമന്ത്രി സ്റ്റാലിന്‍ ചമഞ്ഞാല്‍ ചോദ്യം ചെയ്യും; പൊലീസുകാരെ പുറത്താക്കും വരെ എംഎല്‍എമാരുടെ അനിശ്ചിതകാല സത്യാഗ്രഹം.

തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും എതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിലെ പൊലീസ് അതിക്രമങ്ങളെ അടിസ്ഥാനമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രിപദം ഒഴിയണമെന്ന് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സ്റ്റാലിന്‍ ചമഞ്ഞാല്‍ ചമഞ്ഞാല്‍ അത് ചോദ്യം ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പൊലീസ് അതിക്രമങ്ങളെ കുറിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.

മര്‍ദിച്ച പൊലീസുകാരെ പുറത്താക്കുമോ എന്നാണ് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്. കുറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പൊലീസുകാര്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെങ്കില്‍ എന്തിനാണ് അവരെ സസ്‌പെന്‍ഡ് ചെയ്തത്. പൊലീസ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കേരള സമൂഹം ശക്തമായി പ്രതിഷേധിക്കുകയാണ്. ജനങ്ങളുടെ സഹായിയായി കൂടെ നില്‍ക്കേണ്ടവരാണ് പൊലീസ്. പരാതി കൊടുത്തയാളുടെ കൈ പൊലീസുകാര്‍ ഒടിച്ച സംഭവം വരെയുണ്ട്.

അക്രമികാരികളായ പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കും വരെ യു.ഡി.എഫിന്റെ രണ്ട് എം.എല്‍.എമാരായ സനീഷ് കുമാറും എ.കെ. അഷ്‌റഫും നിയമസഭയ്ക്ക് മുമ്പില്‍ അനിശ്ചിതകാല സത്യാഗ്രഹമിരിക്കും. മുഖ്യമന്ത്രിയുടെ നെടുനീളന്‍ പ്രഭാഷണമല്ല, 12 ദിവസമായി മര്‍ദ്ദനത്തെ കുറിച്ച് മിണ്ടാത്ത മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് നടപടി വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സുജിത്തിനെതിരെ എടുത്തതെല്ലാം നിസാരകേസുകളാണ്. മദ്യപിച്ചെന്ന് വരെ കള്ളക്കേസുണ്ടാക്കി. ക്രൂരമര്‍ദനത്തെ നാണമില്ലാതെ ന്യായീകരിക്കുന്നു. നിരപരാധിയായ സ്ത്രീയോട് കക്കൂസില്‍ പോയി വെള്ളം കുടിക്കാന്‍ പറഞ്ഞു. കേരളത്തിലേത് നാണംകെട്ട പൊലീസാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.

പൊലീസ് മര്‍ദനത്തെ കുറിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. പ്രതിപക്ഷത്ത് നിന്ന് എം.എല്‍.എയായ റോജി എം. ജോണ്‍ ആണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. നോട്ടീസില്‍ നിയമസഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ചയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചത്. സമൂഹം വലിയ തോതില്‍ ചര്‍ച്ച ചെയ്ത വിഷയമായതിനാല്‍ നിയമസഭയും ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയില്‍ വ്യക്തമാക്കി. പൊലീസ് അതിക്രമങ്ങള്‍ ആഭ്യന്തര വകുപ്പിനെയും ഇടത് സര്‍ക്കാറിനെയും വെട്ടിലാക്കുന്ന സാഹചര്യത്തിലാണ് പിണാറായി സര്‍ക്കാര്‍ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ സമ്മതിച്ചത്.

 

Scroll to Top