ഡിവൈഎസ്പി മധുബാബുവിനെതിരായ ഹര്‍ജിയില്‍ സര്‍ക്കാരിനോട് മറുപടി തേടി ഹൈക്കോടതി; മധുബാബു ക്രൂരമായി മര്‍ദ്ദിച്ചെന്ന് ഹര്‍ജിക്കാരന്‍; കാല്‍വെള്ള അടിച്ചു പൊട്ടിച്ചെന്നും കുരുമുളക് സ്‌പ്രേ അടിച്ചെന്നും ഹര്‍ജിയില്‍.

കൊച്ചി: കസ്റ്റഡിയില്‍ മര്‍ദ്ദിച്ചതിന് ആലപ്പുഴ ഡിവൈഎസ്പിയായ മധുബാബുവിനെതിരെ കേസെടുക്കണമെന്ന ഹര്‍ജിയില്‍ മറുപടി തേടി ഹൈക്കോടതി. ഹര്‍ജിയില്‍ മറുപടി അറിയിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കി. മുന്‍ എസ്എഫ്‌ഐ നേതാവ് കെ.ജയകൃഷ്ണനാണ് മധുബാബുവിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 2012-13 കാലഘട്ടത്തില്‍ താന്‍ എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ പ്രസിഡണ്ടായ സമയം കസ്റ്റഡിയിലെടുത്ത് അന്ന് കോന്നി സിഐ ആയിരുന്ന മധുബാബു മര്‍ദ്ദിച്ചെന്നാണ് ഹര്‍ജിയിലെ വാദം. അന്ന് കോന്നി എസ്.ഐ ആയിരുന്ന ഗോപകുമാറിനെതിരെയും കേസെടുക്കണമെന്ന് ജയകൃഷ്ണന്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കസ്റ്റഡി മര്‍ദനവുമായി ബന്ധപ്പെട്ട് മധുബാബുവിനെതിരെ വിവിധ സ്ഥലങ്ങളില്‍നിന്ന് അടുത്തിടെ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതിലൊന്നാണ് ജയകൃഷ്ണന്റേത്. മധുബാബുവിനെതിരെ അന്വേഷണമാവശ്യപ്പെട്ട് മുമ്പും പരാതികള്‍ നല്‍കിയിരുന്നെങ്കിലും ഇതെല്ലാം അട്ടിമറിക്കപ്പെടുകയായിരുന്നു എന്ന് ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്ന് നല്‍കിയ ഒരു പരാതിയില്‍ ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തുകയും മധുബാബു കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നതായി ഹര്‍ജിയില്‍ പറയുന്നു. ഈ റിപ്പോര്‍ട്ട് അനുസരിച്ച് മധുബാബുവിനെതിരെ നടപടിയെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

2012 ജനുവരി ആദ്യം അര്‍ധരാത്രി മധുബാബുവും ഗോപകുമാറും മറ്റു പൊലീസുകാരുമടങ്ങുന്ന സംഘം വീട്ടില്‍നിന്നു തന്നെ പിടിച്ചു കോന്നി പൊലീസ് സ്റ്റേഷനിലെത്തിക്കുകയും കാല്‍വെള്ളയില്‍ ചൂരല്‍കൊണ്ട് അടിച്ചുപൊട്ടിച്ച ശേഷം കുരുമുളക് സ്‌പ്രേ അടിക്കുകയും ചെയ്തതായുള്ള മര്‍ദ്ദനത്തെ കുറിച്ച് ഹര്‍ജിയില്‍ വിശദീകരിക്കുന്നുണ്ട്. തനിക്ക് മര്‍ദനമേറ്റ കാര്യം കോടതിയില്‍ ഹാജരാക്കിയ സമയത്ത് ജയകൃഷ്ണന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

Scroll to Top