
വയനാട്: വയനാട്ടില്‍ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറോട് ലൈംഗികാതിക്രമം നടത്തിയ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്കു കുരുക്കായി ശബ്ദരേഖ. പരാതിയില്‍ നിന്ന് പിന്മാറാന്‍ യുവതിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്ന സംഭാഷണം ആണ് പുറത്ത് വന്നത്. തെറ്റ് പറ്റിപ്പോയെന്ന് രതീഷ് കുമാര്‍ പറയുന്നത് ശബ്ദരേഖയിലുണ്ട്. കേസിന് പോകാതിരുന്നാല്‍ എന്ത് ചെയ്യാനും തയ്യാറാണെന്നും രതീഷ് കുമാര്‍ സംഭാഷണത്തിനിടെ പറയുന്നു. അതിജീവിതയ്ക്ക് പണം വാഗ്ദാനം ചെയ്യുന്ന പ്രതിയോട് തനിക്ക് നേരിട്ട അപമാനത്തിന് ആര് മറുപടി പറയുമെന്ന് ജീവനക്കാരി ചോദിക്കുന്നുണ്ട്. സംഭവത്തില്‍ പടിഞ്ഞാറത്തറ പൊലീസ് അന്വേഷണം നടത്തുകയാണ്.
വയനാട് സുഗന്ധഗിരിയില്‍ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ രതീഷ് കുമാറിനെതിരെ അന്വേഷണം നടക്കുകയാണ്. വനം വകുപ്പിലെ തന്നെ രണ്ട് ലൈംഗികാതിക്രമ പരാതികളില്‍ ആരോപണ വിധേയനാണ് രതീഷ് കുമാറെന്നാണ് അറിവ്. സെപ്തംബര്‍ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഡ്യൂട്ടിയുണ്ടായിരുന്ന വനിതാ ബീറ്റ് ഓഫിസറുടെ മുറിയിലേക്ക് രതീഷ് അതിക്രമിച്ച് കടന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ബഹളം വച്ച് പുറത്തിറങ്ങിയതോടെയാണ് യുവതി രക്ഷപ്പെട്ടത്.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോയ രതീഷ് രാത്രിയോടെ തിരിച്ചെത്തി ഓഫിസിന്റെ വാതിലുകള്‍ കുറ്റിയിട്ട ശേഷം വനിതാ ബീറ്റ് ഓഫിസറുടെ മുറിയിലെത്തിയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് കേസിന്റെ എഫ്‌ഐആറില്‍ പറയുന്നു. സംഭവം വിവാദമായതിനു പിന്നാലെ രതീഷിനെ കല്‍പറ്റ റേഞ്ച് ഓഫിസിലേക്ക് സ്ഥലം മാറ്റിയിരുന്നു. വകുപ്പുതല അന്വേഷണത്തിനു ശേഷം സംഭവത്തില്‍ കൂടുതല്‍ നടപടിയുണ്ടാകുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍ ഉറപ്പു നല്‍കിയെങ്കിലും ഉന്നതതലത്തിലെ സ്വാധീനം ഉപയോഗിച്ചു രതീഷ് അത് ഒതുക്കിയെന്നും ആരോപണമുണ്ട്.



