സര്‍ക്കാരിന്റെ അയ്യപ്പ സംഗമം അയ്യപ്പനു പോലും ഇഷ്ടമായില്ല; സംഗമം വന്‍ പരാജയമെന്ന് രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ നടത്തിയ അയ്യപ്പ സംഗമം വന്‍ പരാജയമെന്ന് രമേശ് ചെന്നിത്തല. അയ്യപ്പന്റെ അനിഷ്ടം ഈ പരിപാടിക്ക് ഉണ്ടായി. സംഗമത്തിനെത്തുമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടവരൊന്നും എത്തിയില്ല. 50 രാജ്യങ്ങളില്‍നിന്ന് പ്രതിനിധികള്‍ വരുമെന്ന് പറഞ്ഞു. എന്നാല്‍ ആരും വന്നില്ല. വന്നവര്‍ തന്നെ മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ പോയെന്നും അദ്ദേഹം പത്തനംതിട്ടയില്‍ മാധ്യമങ്ങളോടു പറഞ്ഞു.

ഞങ്ങള്‍ ചോദിച്ച ഒരു ചോദ്യത്തിനും സര്‍ക്കാര്‍ മറുപടി തന്നില്ല. ശബരിമലയുടെ പുരോഗതിക്ക് വേണ്ടിയുള്ള ഒരു ചര്‍ച്ചയും ഉണ്ടായില്ല. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അടവ് ആയിരുന്നു അയ്യപ്പസംഗമമെന്നും അത് പൊളിഞ്ഞു പോയെന്നും സംഗമം പരാജയം ആയെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ എങ്കിലും സമ്മതിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനു വേണ്ടി വാദിച്ച മുഖ്യമന്ത്രി ഇന്ന് ഒന്നും പറഞ്ഞില്ല. ചെയ്ത കാര്യം തെറ്റായി പോയെന്ന് പിണറായി വിജയന്‍ പറയണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആഗോള അയ്യപ്പ സംഗമം വേസ്റ്റ് ഓഫ് മണി, വേസ്റ്റ് ഓഫ് ടൈം ആയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll to Top