
ജറുസലേം: ഹമാസിനെ ഇല്ലാതാക്കി ലക്ഷ്യം നേടുമെന്ന് ആവര്‍ത്തിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ബന്ദികളെ മോചിപ്പിച്ച് തിരികെയെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ യുദ്ധലക്ഷ്യങ്ങളും കൈവരിക്കാന്‍ ദൃഢനിശ്ചയം ചെയ്തിട്ടുണ്ട്. ഹമാസിന്റെ ഉന്മൂലനം പൂര്‍ത്തിയാക്കണമെന്നും ബന്ദികളെ മോചിപ്പിച്ച് തിരികെയെത്തിക്കണമെന്നും നെതന്യാഹു പറഞ്ഞു. ഗാസ ഇനി ഇസ്രായേലിന് ഭീഷണിയാകില്ലെന്ന് ഉറപ്പാക്കാനും കഴിയണം. സുരക്ഷയ്ക്കും വിജയത്തിനും സമാധാനത്തിനും അവസരങ്ങള്‍ തുറക്കണമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു. ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സിനെ (ഐഡിഎഫ്) അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷം ഇസ്രയേലിന്റെ സുരക്ഷയില്‍ ഒരു ചരിത്ര വര്‍ഷമാകുമെന്ന് കൂടി നെതന്യാഹു പറഞ്ഞു. ശത്രുക്കളെ കീഴടക്കുന്ന ഒരു പോരാട്ടത്തിലാണ് നമ്മളെന്നും ഇറാനിയന്‍ അച്ചുതണ്ടിനെ നശിപ്പിക്കണമെന്നും അതു ചെയ്യാന്‍ നമുക്ക് ശക്തിയുണ്ടെന്നും നെതന്യാഹു വ്യക്തമാക്കി. വരും വര്‍ഷത്തില്‍ നമ്മുടെ മുന്നിലുള്ളത് ഈ ലക്ഷ്യമാണ്.
ഇത് സുരക്ഷയുടെയും വിജയത്തിന്റെയും ഐക്യത്തിന്റെയും വര്‍ഷമാകട്ടെയെന്നും നെതന്യാഹു പറഞ്ഞു. ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍, പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സ് എന്നിവരോടൊപ്പം ആയിരുന്നു ഐഡിഎഫ് ജനറല്‍ സ്റ്റാഫ് ഫോറത്തെ നെതന്യാഹു സന്ദര്‍ശിച്ചത്.



