
ന്യൂയോര്‍ക്ക്: യു.എന്‍ പൊതുസഭയില്‍ പങ്കെടുക്കാനെത്തിയ ഇറാനെ നാണം കെടുത്തി അമേരിക്കന്‍ ഭരണകൂടം. ന്യൂയോര്‍ക്കിലെത്തുന്ന ഇറാന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഷോപ്പിംഗിനും യാത്രയ്ക്കും വിലക്കേര്‍പ്പെടുത്തിയാണ് ട്രംപ് ഭരണകൂടം ഇറാനെ നാണം കെടുത്തിയത്. ന്യൂയോര്‍ക്കിലെ ഹോള്‍സെയില്‍ ക്ലബ് സ്റ്റോറായ കോസ്റ്റ്‌കോ, സാംസ് ക്ലബ് പോലുള്ള സ്റ്റോറുകളിലേക്ക് ആഡംബര ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ മുന്‍കൂര്‍ അനുമതി തേടാതെ എത്തേണ്ടതില്ലെന്നാണ് വിലക്ക് ഏര്‍പ്പെടുത്തി കൊണ്ടുള്ള നോട്ടീസില്‍ പറയുന്നത്. മറ്റൊരു രാജ്യത്തിലെയും ഉദ്യോഗസ്ഥര്‍ക്ക് അമേരിക്ക ഇത്തരത്തില്‍ വിലക്ക് ഏര്‍പ്പെടുത്തുകയോ നോട്ടിസ് നല്‍കുകയോ ചെയ്തിട്ടില്ലെന്നതാണ് ഇറാനെ നാണം കെടുത്തുന്നത്.
വാച്ച്, ആഭരണം, ഹാന്‍ഡ്ബാഗ്, പുതപ്പ്, വോലറ്റ്, പെര്‍ഫ്യൂം, സിഗററ്റ്, മദ്യം, പാദരക്ഷകള്‍ എന്നിവ മുതല്‍ വാഹനങ്ങള്‍ വരെ വാങ്ങാനാണ് വിലക്കുള്ളത്. അമേരിക്കയും യൂറോപ്പും മറ്റും ഉപരോധം ഏര്‍പ്പെടുത്തിയതിനാല്‍, സാമ്പത്തികമായി ഒറ്റപ്പെട്ട ഇറാനില്‍ ഈയിനം ആഡംബര വസ്തുക്കള്‍ വിപണിയിലില്ല. ഇതാണ്, അമേരിക്കയില്‍ ഷോപ്പിങ് തകൃതിയാക്കാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്നതും. എന്നാല്‍, ഇറാന്‍ ഭരണകൂടത്തിന്റെ തെറ്റായ നിലപാടുകള്‍മൂലം ഇറാനിയന്‍ ജനത പട്ടിണിയിലും സാമ്പത്തിക ഞെരുക്കത്തിലുമാണെന്നും ഈ സാഹചര്യത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ആഡംബര വസ്തുക്കള്‍ വാങ്ങിക്കൂട്ടുന്നത് അംഗീകരിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുഎസിന്റെ ഓഫിസ് ഓഫ് ഫോറിന്‍ മിഷന്‍സിന്റെ നടപടി.
ന്യൂയോര്‍ക്കിലെ ഇറാന്‍ നയതന്ത്ര കാര്യാലയത്തിലേക്കും യുഎന്നിലേക്കും എത്തുന്ന ഇറാനിയന്‍ ഉദ്യോഗസ്ഥരുടെ പ്രിയ ഷോപ്പിങ് കേന്ദ്രമാണ് കോസ്റ്റ്‌കോ, സാംസ് ക്ലബ് തുടങ്ങിയവ. ഇവിടം സന്ദര്‍ശിച്ച് വലിയതോതിലാണ് ഇവര്‍ ഷോപ്പിങ് നടത്തിയിരുന്നതും. 1,000 ഡോളര്‍ (ഏകദേശം 88,800 രൂപ) മുതല്‍ 60,000 ഡോളര്‍ (53.5 ലക്ഷം രൂപ) വരെയാണ് ഷോപ്പിങ്ങിനായി ഇറാന്‍ ഉദ്യോഗസ്ഥര്‍ ചെലവിട്ടിരുന്നത്. സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍, വിലയേറിയ ആഭരണങ്ങള്‍, കായിക ഉപകരണങ്ങള്‍, സംഗീത ഉപകരണങ്ങള്‍, വൈന്‍, കരകൗശലവസ്തുക്കള്‍ തുടങ്ങിയവയും ഇതിലുള്‍പ്പെടുന്നു.
യുഎസുമായി രാഷ്ട്രീയ ഭിന്നതയുള്ള രാജ്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് യുഎന്നിലേക്കുള്ള വീസ നിഷേധിക്കാനും നേരത്തേ യുഎസ് തീരുമാനിച്ചിരുന്നു. പലസ്തീന്‍ നേതാവ് മഹ്‌മൂദ് അബ്ബാസിന് വീസ നിഷേധിച്ചു. ഇറാന്‍, സുഡാന്‍, സിംബാബ്‌വേ, ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്കും വീസ നിഷേധിക്കാന്‍ ആലോചിച്ചിരുന്നു.



