
പാലക്കാട്: പൊലീസ് അകമ്പടിയോടെ സ്ത്രീകളെ സന്നിധാനത്തിലേക്ക് കയറ്റി ഭക്തരുടെ വികാരം വ്രണപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് മാപ്പ് ചോദിച്ചിട്ട് വേണമായിരുന്നു ആഗോള അയ്യപ്പ സംഗമം നടത്താനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ പ്രസംഗത്തില്‍ പോലും അതിനെപ്പറ്റി ഒന്നും സൂചിപ്പിച്ചില്ല. അതുമാത്രമല്ല, യുഡിഎഫ് ഉന്നയിച്ച മൂന്നു ചോദ്യങ്ങള്‍ക്കും ഇതുവരെ സര്‍ക്കാരോ മുഖ്യമന്ത്രിയോ ഉത്തരം നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ വക അയ്യപ്പസംഗമത്തിനു പിന്നാലെ നടന്ന ബദല്‍ അയ്യപ്പസംഗമം നിക്ഷിപ്ത താല്‍പര്യത്തിന്റെ പേരില്‍ ആര്‍എസ്എസ് നടത്തിയ പരിപാടിയാണ്. അതിനോട് ആര്‍ക്കും യോജിപ്പില്ലെന്നും ആരും അംഗീകരിക്കുന്നുമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
യുഡിഎഫ് ഉന്നയിച്ചത് മൂന്നു കാര്യങ്ങളാണ്. ഒന്ന് നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത ആളുകളുടെ പേരില്‍ ധാരാളം കേസുകളുണ്ട്. അത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. എന്റെയും ഉമ്മന്‍ ചാണ്ടിയുടെയും പേരില്‍ കേസ് ഉണ്ടായിരുന്നു. ഉമ്മന്‍ ചാണ്ടി മരിച്ചിട്ടും ആ കേസ് പിന്‍വലിച്ചില്ല. അവസാനം കോടതി ഞങ്ങളെ വെറുതെ വിടുകയാണ് ഉണ്ടായത്. യുവതി പ്രവേശനവിഷയത്തില്‍ യുഡിഎഫ് ഗവണ്‍മെന്റ് നല്‍കിയ അഫിഡവിറ്റ് തിരുത്തി യുവതികളെ പ്രവേശിപ്പിക്കാം എന്നു പറഞ്ഞു എല്‍ഡിഎഫ് സര്‍ക്കാര്‍ സമര്‍പിച്ച സത്യവാങ്മൂലം ഇതുവരെ പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല. ഇത് തിരുത്താന്‍ തയ്യാറുണ്ടോ? അയ്യപ്പ സംഗമം നടത്തുന്നതിനു മുമ്പ് ഗവണ്‍മെന്റ് ചെയ്യേണ്ടിയിരുന്നത് ഭക്തജനങ്ങളോട് മാപ്പ് ചോദിക്കുകയായിരുന്നു. ഈ മൂന്നു കാര്യങ്ങളും സര്‍ക്കാര്‍ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ പ്രസംഗത്തോടുകൂടി പാര്‍ട്ടിക്കാരെല്ലാം തിരിച്ചു പോകുകയും സംഗമം വഴിപാടായി മാറുകയും ചെയ്തതിനാല്‍ വന്‍പരാജയമായിരുന്നു ആ സംഗമം. സംഗമത്തില്‍ എന്‍എസ്എസ പങ്കെടുത്തു എന്നതു കൊണ്ട് അവര്‍ ഇടതുപക്ഷത്തോട് അടുക്കുന്നു എന്ന വ്യാഖ്യാനത്തിന് അര്‍ഥമില്ല. ശബരിമലയുമായി ബന്ധപ്പെട്ട കാര്യമായതുകൊണ്ട് അവര്‍ പങ്കെടുത്തു എന്നു മാത്രമേ ഉള്ളൂവെന്നും ചെന്നിത്തല വ്യക്തമാക്കി. അയ്യപ്പസംഗമം ബഹിഷ്‌കരിക്കണം എന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല. പിണറായി ഭക്തനാണോ എന്നു പറയേണ്ടത് അദ്ദേഹമാണ്, മറ്റാരെങ്കിലുമല്ല.” ചെന്നിത്തല പറഞ്ഞു.



