
മലപ്പുറം: കോട്ടക്കലില്‍ പത്ത് ലക്ഷം രൂപ വിലമതിക്കുന്ന 136 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍; മൂന്നിടങ്ങളിലായി നടത്തിയ പരിശോധനയിലാണ് വന്‍ എംഡിഎംഎ ശേഖരം പിടികൂടിയത്. വേങ്ങര സ്വദേശികളായ അരുണ്‍, റഫീഖ് എന്നിവരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് വില്പനയിലൂടെ സമ്പാദിച്ച പണവും മയക്കുമരുന്ന് ഉപയോഗത്തിനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
മലപ്പുറം കോട്ടക്കലിനടുത്ത് ചെനക്കല്‍, തോക്കാമ്പാറ, വേങ്ങര വെട്ടുതോട് എന്നിവിടങ്ങളിലായി നടത്തിയ പരിശോധനയിലാണ് 136.965 ഗ്രാം എംഡിഎംഎയുമായി വേങ്ങര സ്വദേശികളായ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത്. വേങ്ങര ഊരകം മേല്‍മുറി കീരന്‍കുന്ന് സ്വദേശി വട്ടപ്പറമ്പ് വീട്ടില്‍ അരുണ്‍, വേങ്ങര വെട്ടുതോട് സ്വദേശി കാപ്പില്‍ വീട്ടില്‍ റഫീഖ് എന്നിവരെ പൊലീസും ഡാന്‍സാഫും നര്‍ക്കോട്ടിക് സംഘവും ചേര്‍ന്ന് പിടികൂടി. ചെനക്കലിലെ പെട്രോള്‍ പമ്പിന് സമീപം വച്ചാണ് വില്പനയ്ക്കായി സൂക്ഷിച്ച 22 ഗ്രാം എംഡിഎംഎയുമായി അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2022-ല്‍ 780 ഗ്രാം എംഡിഎംഎ പിടികൂടിയ കേസില്‍ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് അരുണ്‍ വീണ്ടും മയക്കുമരുന്നുമായി പിടിയിലായത്. ലഹരി വില്‍പ്പനയിലൂടെ ലഭിച്ച 9,000 രൂപയും എംഡിഎംഎ വില്പനയ്ക്കായി ഉപയോഗിച്ച ആഡംബര ബൈക്കും കണ്ടെടുത്തു.
കോട്ടക്കല്‍ രാജാസ് സ്കൂള്‍ റോഡില്‍ തോക്കാംപാറയില്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും എംഡിഎംഎ വില്‍പ്പന നടത്തുകയായിരുന്ന റഫീഖില്‍ നിന്ന് 10.41 ഗ്രാം എംഡിഎംഎ പിടികൂടി. ലഹരി വില്പനയിലൂടെ ലഭിച്ച 22,600 രൂപയും ഇയാളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. തുടര്‍ന്ന് ഇരുവരെയും വിശദമായി ചോദ്യം ചെയ്തതില്‍ നിന്നാണ് ഇരുവരുടെയും വീടുകളില്‍ പരിശോധന നടത്തി കൂടുതല്‍ എംഡിഎംഎ ശേഖരം പിടികൂടിയത്. വെട്ടുതോട്ടെ റഫീഖിന്റെ വീട്ടില്‍ നിന്ന് 104.55 ഗ്രാം എംഡിഎംഎയും ഡിജിറ്റല്‍ ത്രാസും പാക്ക് ചെയ്യുന്നതിനുള്ള സിപ് ലോക്ക് പോളിത്തീന്‍ കവറുകളും ലഹരി ഉപയോഗത്തിനുള്ള മൂന്ന് ഗ്ലാസ് ഫ്യൂമുകളും കണ്ടെടുത്തു.
ലപ്പുറം ഡിവൈഎസ്പി കെ.എം ബിജു, നര്‍ക്കോട്ടിക് ഡിവൈഎസ്പി സിബി എന്‍.ഒ. എന്നിവരുടെ മേല്‍നോട്ടത്തില്‍ കോട്ടക്കല്‍ ഇന്‍സ്പെക്ടര്‍ സംഗീത് പുനത്തില്‍, മലപ്പുറം ഡാന്‍സാഫ് എസ്.ഐമാരായ യാസിര്‍ എ.എം, ജസ്റ്റിന് കെ.ആര്, എഎസ്ഐമാരായ രജീഷ്, ബുഷ്റ, ശൈലേഷ് ജോണ്‍ പ്രദീപ്, എസ്.സിപിഒമാരായ ബിജു റോബര്‍ട്ട്, ബിനു കുമാര്‍, നിഷാദ് മുഹമ്മദ് റാഫി, സിപിഒമാരായ ജിജു, മുഹന്നദ്, അമ്പിളി തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.



