
കാസര്‍ഗോഡ്: പെരിയ ഇരട്ടക്കൊലക്കേസില്‍ ഒന്നാംപ്രതിക്ക് പരോള്‍ അനുവദിച്ചു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയോടെ ഒരുമാസത്തേക്കാണ് ഒന്നാംപ്രതി എ.പീതാംബരന് പരോള്‍ അനുവദിച്ചത്. രണ്ടാം പ്രതി സജി സി. ജോര്‍ജ്, ഏഴാം പ്രതി എ. അശ്വിന്‍ എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം പരോള്‍ ലഭിച്ചിരുന്നു. അഞ്ചാം പ്രതി ഗിജിന്‍ ഗംഗാധരനും പതിനഞ്ചാം പ്രതി വിഷ്ണു സുരയും പരോളിനായി സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷ സര്‍ക്കാരിന്റെ പരിഗണനയിലാണ്. പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തി.
പതിനഞ്ചാം പ്രതി എ.സുരേന്ദ്രന്‍ എന്ന വിഷ്ണു സുരയുടെ പരോള്‍ അപേക്ഷയില്‍ ബേക്കല്‍ പൊലീസിന്റെയും കൊല്ലപ്പെട്ട ശരത്ലാല്‍, കൃപേഷ് എന്നിവരുടെ രക്ഷിതാക്കളുടെയും അഭിപ്രായം രേഖപ്പെടുത്തിയുള്ള റിപ്പോര്‍ട്ട് അയച്ചിട്ടുണ്ട്. പരോള്‍ അനുവദിക്കരുതെന്നാണ് രക്ഷിതാക്കള്‍ അറിയിച്ചത്. ക്രമസമാധാന പ്രശ്‌നം കാരണം പരോള്‍ അനുവദിക്കരുതെന്നു ബേക്കല്‍ പൊലീസും റിപ്പോര്‍ട്ട് നല്‍കിയതായാണ് വിവരം. പൊലീസിന്റെയും ജയില്‍ ഉപദേശക സമിതിയുടെയും റിപ്പോര്‍ട്ടില്‍ ആഭ്യന്തര വകുപ്പാണ് പരോള്‍ സംബന്ധിച്ച് തീരുമാനമെടുക്കുന്നത്.
പെരിയ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതികള്‍ക്ക് കൂട്ടത്തോടെ പരോള്‍ അനുവദിക്കുന്ന സര്‍ക്കാര്‍ നടപടി നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസല്‍ പറഞ്ഞു. ഒന്നാംപ്രതി പീതാംബരന് 2022ല്‍ ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ നല്‍കിയത് വിവാദമായിരുന്നു. 2019 ഫെബ്രുവരി 17നാണ് പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനേയും സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്.



