കേരളത്തില്‍ നിന്ന് പിന്‍വാങ്ങാനുള്ള എയര്‍ ഇന്ത്യയുടെ നടപടി ഉപേക്ഷിക്കണം; വ്യോമയാന മന്ത്രിക്ക് കത്ത് നല്‍കി കെ.സി വേണുഗോപാല്‍.

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ ഒഴിവാക്കാനുള്ള എയര്‍ ഇന്ത്യയുടെ നടപടി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി രംഗത്ത്. നടപടിയില്‍ നിന്ന് പിന്‍മാറാന്‍ എയര്‍ ഇന്ത്യയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ എംപി കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്ത് നല്‍കി. വിമാനസര്‍വീസുകള്‍ നിലനിര്‍ത്താനുള്ള അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിദേശ, ആഭ്യന്തര സര്‍വീസുകള്‍ കൂട്ടത്തോടെ ഒഴിവാക്കാന്‍ എയര്‍ ഇന്ത്യ ആലോചിക്കുന്നതായി വാര്‍ത്തയുണ്ടായിരുന്നു.

കേരളത്തില്‍ നിന്നുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ വെട്ടിക്കുറയ്ക്കുന്നത് മേഖലയില്‍ ചൂഷണത്തിനും നിരക്ക് വര്‍ധനയ്ക്കും ഇടയാക്കും. പ്രവാസികള്‍ക്ക് കുറഞ്ഞ ചിലവില്‍ നാട്ടിലെത്താനുള്ള അവസരമാണ് ഇതിലൂടെ ഇല്ലാതാകുന്നത്. എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ പിന്‍മാറ്റത്തോടെ മറ്റു വിമാനകമ്പനികള്‍ നിരക്ക് ഉയര്‍ത്തി യാത്രക്കാരെ ചൂഷണം ചെയ്യാന്‍ സാധ്യതയുണ്ട്. ഇത് പ്രവാസികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. ഉത്സവകാലങ്ങളിലും പ്രധാന അവധി ദിനങ്ങളിലും നിലവില്‍ ഉയര്‍ന്ന നിരക്കാണ് വിമാനക്കമ്പനികള്‍ ഈടാക്കുന്നത്. എയര്‍ ഇന്ത്യയുടെ ഈ നടപടി കൂടി പ്രാബല്യത്തില്‍ വന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും വേണുഗോപാപല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.

ഈമാസം 26 മുതല്‍ ബഹ്റൈന്‍, അബുദാബി ഉള്‍പ്പെടെയുള്ള പ്രധാന ഗള്‍ഫ് വിമാനത്താവളങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കുന്നതായാണ് അറിയാന്‍ കഴിഞ്ഞതെന്ന് എംപി പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ തുച്ഛവരുമാനത്തില്‍ ജോലി ചെയ്യുന്നുവരാണ് പ്രവാസികളിലേറെയും. അവര്‍ ആശ്രയിക്കുന്ന സര്‍വീസുകളാണ് എയര്‍ ഇന്ത്യ ഒഴിവാക്കുന്നവയില്‍ ഏറെയും. ഇത് കടുത്ത ആശങ്ക ഉണ്ടാക്കുന്നതാണ്. ഗള്‍ഫ് റൂട്ടുകളില്‍ കേരളത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനും അനാവശ്യ നിരക്ക് വര്‍ധനവ് തടയാനും കേന്ദ്ര സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും കെസി വേണുഗോപാല്‍ കത്തില്‍ ആവശ്യപ്പെട്ടു.

Scroll to Top