
പത്തനംതിട്ട: ശബരിമലയിലെ സ്വര്‍ണപ്പാളി കാണാതായ സംഭവത്തില്‍ രണ്ടു പിണറായി വിജയന്‍ സര്‍ക്കാരുകളിലെ ദേവസ്വം മന്ത്രിമാരും അക്കാലയളവിലെ ദേവസ്വം പ്രസിഡണ്ടുമാരും ഉത്തരവാദികളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കളവാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇപ്പോഴത്തെ ദേവസ്വം പ്രസിഡണ്ടും ഉണ്ണി കൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ പാളികള്‍ കൊടുത്തുവിട്ടു. കൊടുത്തയച്ചവര്‍ക്ക് കമ്മീഷന്‍ കിട്ടിക്കാണുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
200 കോടിയുടെ ജിഎസ്ടി തട്ടിപ്പില്‍ ധനമന്ത്രി മിണ്ടുന്നില്ലെന്നും ആകെ ചെയ്തത് വ്യാജ രജിസ്ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യുക മാത്രമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി. വ്യാജ ജിഎസ്ടി രജിസ്ട്രേഷന്‍ തട്ടിപ്പ് നടന്നതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. വിഷയത്തില്‍ ഏഴ് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി മുഖ്യമന്ത്രി നിയമസഭയില്‍ രേഖാമൂലം മറുപടിയും നല്‍കി. വ്യാജ ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് കൈമാറ്റം നടന്നതായി ധനമന്ത്രിയും വ്യക്തമാക്കി.



