മുംബൈ ഭീകരാക്രമണ സമയത്തെ സൈനിക നടപടിയില്‍ പങ്കാളി; മുന്‍ എന്‍എസ്ജി കമാന്‍ഡോ 200 കിലോ കഞ്ചാവുമായി പിടിയില്‍

ജയ്പൂര്‍: രാജ്യത്തെ പരമോന്നത സുരക്ഷാ സംഘടനയായ എന്‍എസ്ജി അഥവാ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡില്‍ കമാന്‍ഡോ ആയിരുന്ന മുന്‍ സൈനികന്‍ കഞ്ചാവുമായി പിടിയില്‍. രാജസ്ഥാനിലെ സികാര്‍ ജില്ലാ സ്വദേശിയായ ബജ്രംഗ് സിംഗിനെയാണ് ബുധനാഴ്ച രാത്രി ചുരുവില്‍ നിന്ന് 200 കിലോ കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവുകടത്തുസംഘത്തിന്റെ തലവനാണ് ബജ്രംഗ് എന്ന് പോലീസ് വ്യക്തമാക്കി. തെലങ്കാന, ഒഡീഷ എന്നിവിടങ്ങളില്‍നിന്ന് ഇയാള്‍ രാജസ്ഥാനിലേക്ക് കഞ്ചാവ് കടത്തിയിരുന്നതായി ഐജി വികാസ് കുമാര്‍ പറഞ്ഞു. 26/11ലെ മുംബൈ ഭീകരാക്രമണ സമയത്ത് സൈനിക നടപടിയില്‍ പങ്കാളിയായിരുന്നു ബജ്രംഗ് സിംഗ്.

സികാര്‍ ജില്ലാ സ്വദേശിയായ ബജ്രംഗ് പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. രണ്ടുമാസത്തെ കഠിനശ്രമങ്ങള്‍ക്കൊടുവിലാണ് ബജ്രംഗ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ‘ഓപ്പറേഷന്‍ ഗംജനേ’ എന്നായിരുന്നു ഇയാളെ പിടികൂടാന്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ പേര്. രാജസ്ഥാനിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ആന്റി നര്‍ക്കോട്ടിക്സ് ടാസ്‌ക് ഫോഴ്സും ചേര്‍ന്നാണ് ഇയാളെ വലയിലാക്കിയത്.

ബിഎസ്എഫില്‍നിന്നാണ് ബജ്രംഗ് എന്‍എസ്ജിയിലേക്ക് എത്തുന്നത്. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ ആയിരുന്ന സമയത്ത് പഞ്ചാബ്, അസം, രാജസ്ഥാന്‍, ഒഡീഷ, വെസ്റ്റ് ബെംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജോലി ചെയ്തിരുന്നു. ഏഴു കൊല്ലമാണ് എന്‍എസ്ജി കമാന്‍ഡോയായി ബജ്രംഗ് സേവനം അനുഷ്ഠിച്ചത്. 2008 നവംബറില്‍ മുംബൈയിലുണ്ടായ ഭീകരാക്രമണ വേളയിലെ സൈനികനടപടിയിലും പങ്കെടുത്തിരുന്നു.

2021-ല്‍ രാഷ്ട്രീയമോഹങ്ങളിലേക്ക് ബജ്രംഗ് കടന്നതായി പോലീസ് പറഞ്ഞു. സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ ഇയാള്‍ ഒരു പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകനായി. ഭാര്യയെ ഗ്രാമത്തിലെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചുവെങ്കിലും പരാജയപ്പെട്ടതായും പോലീസ് കൂട്ടിച്ചേര്‍ത്തു. പിന്നീടാണ് ക്രിമിനല്‍ സംഘങ്ങളുടെ ഭാഗമായി മാറുകയായിരുന്നു. വലിയ അളവിലുള്ള കഞ്ചാവുകടത്തിലിലായിരുന്നു ബജ്രംഗ് ഏര്‍പ്പെട്ടിരുന്നത്. കഴിഞ്ഞ പത്തുകൊല്ലത്തിനിടെ നിരവധികേസുകള്‍ ഇയാള്‍ക്കെതിരേ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

Scroll to Top