
തൃശ്ശൂര്‍: തൃശ്ശൂര്‍ പറപ്പൂക്കര മുത്രത്തിക്കരയില്‍ മകന് അച്ഛനെ വെട്ടിപ്പരുക്കേല്പിച്ചു. മുത്രത്തിക്കരയില്‍ താമസിക്കുന്ന വിഷ്ണു എന്നയാളാണ് അച്ഛനെ വെട്ടിപ്പരിക്കേല്പിച്ചത്. ഇതിനു ശേഷം യുവാവ് വീടിന് മുകളില്‍ കയറി ആത്മഹത്യാഭീഷണിയും മുഴക്കി. കയ്യില്‍ മാരകായുധങ്ങളുമായി വീടിനു മുകളില്‍ കയറിയ യുവാവ് വീടിനു മുകളിലിരുന്ന് പരാക്രമം കാട്ടുകയും ചെയ്തു. ഒടുവില്‍ രണ്ടുമണിക്കൂറോളം കഴിഞ്ഞ് പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് ഇയാളെ ബലംപ്രയോഗിച്ച് താഴെയിറക്കുകയായിരുന്നു. യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് നാട്ടുകാരും പൊലീസും പറയുന്നു.
കഴിഞ്ഞ അഞ്ചുദിവസമായി വീടിന്റെ മുകള്‍നിലയിലെ മുറിയിലാണ് വിഷ്ണു കഴിഞ്ഞിരുന്നത്. അഞ്ചുദിവസം മുന്‍പ് മുകള്‍നിലയിലേക്ക് കയറിപ്പോയ യുവാവ് പിന്നെ താഴേക്ക് വന്നിരുന്നില്ല. വിഷ്ണുവും അച്ഛനും അമ്മയും മാത്രമാണ് ഇവിടെ താമസം. ഇത്രയും ദിവസമായിട്ടും മകന് താഴേക്ക് വരാതിരുന്നതിനാല്‍ അച്ഛനും അമ്മയും ശനിയാഴ്ച മുകള്‍നിലയിലെത്തി. ഈ സമയത്താണ് യുവാവ് അച്ഛനുമായി വഴക്കിട്ട് അച്ഛനെ വെട്ടിയത്. പരുക്കേറ്റ അച്ഛനെ സമീപവാസികളാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.
അച്ഛനെ ആക്രമിച്ചതിന് പിന്നാലെ വിഷ്ണു ഓടുമേഞ്ഞ വീടിനു മുകളില്‍ കയറിയിരുന്നു, ഇയാളുടെ കൈവശം കത്തിയടക്കമുള്ള ആയുധങ്ങളുമുണ്ടായിരുന്നു. രണ്ടുമണിക്കൂറോളം യുവാവ് വീടിന് മുകളിലിരുന്ന് പരാക്രമം കാട്ടി. പലതും വിളിച്ചുപറഞ്ഞു. അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ഇതിനിടെ മുകള്‍ നിലയില്‍ നിന്ന് പെപ്പര്സ്്രേപ അടിച്ച് യുവാവിനെ കീഴ്പ്പെടുത്താനും ശ്രമമുണ്ടായി. തുടര്‍ന്നാണ് ബലംപ്രയോഗിച്ച് താഴെയിറക്കിയത്.
ആയോധനകലകള്‍ അഭ്യസിച്ചിരുന്നയാളാണ് വിഷ്ണുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ഏതാനും വര്‍ഷങ്ങളായി യുവാവിന് മാനസികപ്രശ്നങ്ങളുണ്ടെന്നാണ് വിവരം. അതിനിടെ, യുവാവിന്റെ മുറിയില്‍ ആഭിചാരക്രിയകള്‍ നടത്തിയതിന്റെ സൂചനകളുണ്ടെന്ന് പോലീസ് പറഞ്ഞു.



