മഹാഭാഗ്യശാലിയില്‍ ട്വിസ്റ്റ്; ശരത്തിന്റെ സമ്മാനവാര്‍ത്ത അമ്പരപ്പിച്ചു; ഭാഗ്യശാലിക്ക് കിട്ടുന്ന തുക ഇത്രയാണ്..!

തിരുവോണം ബമ്പര്‍ എന്ന മഹാഭാഗ്യം തേടിയെത്തിയത് കൊച്ചി നെട്ടൂരിലുള്ള ജോലിക്കാരിയായ ഒരു സ്ത്രീക്കാണെന്ന തരത്തില്‍ ഇന്നലെ നല്‍കിയ വാര്‍ത്തയില്‍ ആദ്യമേ ക്ഷമാപണം നടത്തിക്കൊണ്ട് പറയട്ടെ, ആ ഭാഗ്യശാലിയുടെ പേരില്‍ ഒരു ട്വിസ്റ്റുണ്ട്. കൊച്ചിക്കാരിക്ക് അല്ല ആ സമ്മാനം അടിച്ചത്. ആലപ്പുഴയിലുള്ള ശരത് എസ് നായര്‍ എന്ന യുവാവിനെയാണ് മഹാഭാഗ്യം തേടിയെത്തിയത്. ആലപ്പുഴ തുറവൂര്‍ തൈക്കാട്ടുശ്ശേരി സ്വദേശിയായ ശരത്, നിപ്പോണ്‍ പെയ്ന്റ് ഷോറൂം ജീവനക്കാരനായ ശരത് യഥാര്‍ത്ഥ ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കിയതോടെ ഇതുസംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമായി. ടിക്കറ്റ് വിറ്റ ലതീഷിന്റെ വാക്ക് വിശ്വസിച്ച് കൊച്ചി നെട്ടൂരിലെ ഒരു സ്ത്രീക്കാണ് മഹാഭാഗ്യം ലഭിച്ചതെന്ന തരത്തില്‍ വവന്ന വാര്‍ത്തകളെയെല്ലാം നിരാകരിക്കപ്പെടുകയാണ് ഇതിലൂടെ. 25 കോടി രൂപയുടെ മഹാഭാഗ്യം തേടിയെത്തിയ ശരത്തിന് ഇതോടെ നികുതികളും കിഴിവുകളും കഴിച്ച് 12.8 കോടി രൂപ ലഭിക്കും.

എറണാകുളം നെട്ടൂരിലെ ലോട്ടറി ഏജന്റായ ലതീഷില്‍ നിന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് ശരത് വാങ്ങിയത്. ഇന്നലെ മുഴുവന്‍ വാര്‍ത്തകളില്‍ നിറഞ്ഞത് എറണാകുളം നെട്ടൂരില്‍ താമസിക്കുന്ന ഒരു സ്ത്രീയാണ് ടിക്കറ്റ് വാങ്ങിയതെന്നും അവര്‍ വാങ്ങിയ രണ്ടു ടിക്കറ്റുകളില്‍ ഒരെണ്ണത്തിനാണ് സമ്മാനം ലഭിച്ചതെന്നുമുള്ള ഊഹങ്ങളായിരുന്നു. സമ്മാനം ലഭിച്ച വിവരമറിഞ്ഞതോടെ ഇവര്‍ സ്വന്തം വീട് പൂട്ടി മകളുടെ വീട്ടിലേക്ക് പോയെന്നും മുന്‍കാലങ്ങളില്‍ സമ്മാനം ലഭിച്ചവരുടെ തിക്താനുഭവങ്ങള്‍ വാര്‍ത്തകളായി പലപ്പോഴും കണ്ട് ഭയന്നാണ് അവര്‍ നാടുവിട്ടതെന്നുമുള്ള കഥകള്‍ വരെ പ്രചരിച്ചു. കഥകള്‍ക്ക് പ്രചാരണം നല്‍കിയതും ലതീഷായിരുന്നു. ലതീഷിന്റെ സുഹൃത്തിന് സമ്മാനമടിച്ചെന്ന് പറയുന്ന സ്ത്രീ ടിക്കറ്റിന്റെ ചിത്രം വിട്ടു കൊടുത്തിരുന്നെന്നും ആരോരുമില്ലാത്ത അവരെയും ഒപ്പം ടിക്കറ്റ് വിറ്റ് ഉപജീവനം നടത്തുന്ന തന്നെയും ഉപദ്രവിക്കരുതെന്നുള്ള വൈകാരികതയൊക്കെ ലതീഷ് പങ്കുവയ്ക്കുകയും ചെയ്തു.

ഇതനുസരിച്ച് ഭാഗ്യവതി കാണാമറയത്ത് തന്നെ തുടരുമെന്ന് കരുതിയിരിക്കുമ്പോഴാണ് മഹാഭാഗ്യം തേടിയെത്തിയത് ഭാഗ്യവതിയെ അല്ലെന്നും ഭാഗ്യവാനെയാണെന്നും ദുരൂഹതയുടെ ചുരുളഴിഞ്ഞത്. അപ്പോഴും ലതീഷ് പറഞ്ഞ കഥയിലെ ആ ‘ഭാഗ്യവതി’ കാണാമറയത്ത് തന്നെയാണ്. ആരെക്കുറിച്ചാണ് ലതീഷ് കഥ മെനഞ്ഞതെന്നോ എന്തിനു വേണ്ടിയാണ് കഥ മെനഞ്ഞതെന്നോ ഇപ്പോഴും വ്യക്തമല്ല. ഇക്കാര്യങ്ങളെല്ലാം വിശദീകരിക്കേണ്ടതും ഇനി ലതീഷാണ്. ലോട്ടറി വാങ്ങുന്നവരില്‍ ഭൂരിഭാഗവും നാട്ടുകാരാണെന്നും ഭാഗ്യശാലി നെട്ടൂര്‍ വിട്ട് പോകാന്‍ സാധ്യത ഇല്ലെന്നമായിരുന്നു ലതീഷ് കഴിഞ്ഞ ദിവസം പറഞ്ഞത്. ഒരുപക്ഷേ ഈ കണക്കു കൂട്ടലിലായിരിക്കാം ലതീഷ് തെറ്റിദ്ധരിക്കപ്പെട്ടതെന്നും കരുതാം. എന്തായാലും ഭാഗ്യവാനെ മാധ്യമങ്ങളിലൂടെ നാട്ടുകാരെല്ലാവരും അറിഞ്ഞു. ഇനി മുന്‍പ് ഭാഗ്യം ലഭിച്ച അനൂപിന് സംഭവിച്ചതു പോലെ ശരത്തിന് ദുരനുഭവങ്ങളുണ്ടാകാതിരിക്കട്ടെ എന്ന് ആശിക്കാം.

രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഓണം ബമ്പറിന്റെ സമ്മാനം ഒരു കേരളക്കാരന് കിട്ടുന്നത് എന്ന പ്രത്യേകതയും ഉണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷവും ഒന്നാം സമ്മാനം പോയത് കേരളത്തിന് പുറത്തേക്കായിരുന്നു. കഴിഞ്ഞ വര്‍ഷം കര്‍ണാടകയിലേക്കും 2023ല്‍ തമിഴ്‌നാട്ടിലേക്കുമാണ് തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം വണ്ടി കയറിയത്. ഇക്കുറി അത് കേരളത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് ഉടമയ്ക്ക് 25 കോടിയില്‍ നിന്ന് കമ്മീഷനും നികുതികളും കിഴിച്ച് 12 കോടി 88 ലക്ഷത്തി ഇരുപത്താറായിരം രൂപയാണ് സമ്മാനമായി ലഭിക്കുക. ആകെയുള്ള 25 കോടിയില്‍ നിന്ന് ഏജന്‍സി കമ്മീഷന്‍ 10 ശതമാനം നിരക്കില്‍ 2.5 കോടി നല്‍
കണം. 30 ശതമാനം സമ്മാന നികുതി 6.75 കോടിയും കഴിഞ്ഞ് ഒന്നാം സമ്മാനം അടിച്ച ആളുടെ അക്കൗണ്ടിലേക്കെത്തുന്നത് 15.75 കോടി.

ഇനി ഇതില്‍ നിന്നാണ് നികുതികള്‍ കിഴിക്കുന്നത്. അക്കൗണ്ടിലെത്തിയ ആകെതുകയ്ക്കുള്ള നികുതിയായി നല്‍കേണ്ടത് 2 കോടി 85 ലക്ഷം രൂപ. ഈ നികുതി തുകയ്ക്കുള്ള സര്‍ചാര്‍ജ് 37 ശതമാനമാണ്. ഇത് ഏകദേശം 2 കോടി 49 ലക്ഷം രൂപ വരും. ആരോഗ്യേവിദ്യാഭ്യാസ സെസ് ആയ 4 ശതമാനം അഥവാ 36 ലക്ഷത്തി തൊണ്ണൂറായിരം രൂപയും കിഴിച്ചാല്‍ സമ്മാനാര്‍ഹന് കയ്യില്‍ കിട്ടുന്ന തുകയാണ് 12 കോടി 88 ലക്ഷത്തി ഇരുപത്താറായിരം രൂപ. രണ്ടാം സമ്മാനമായി ഒരു കോടി വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക്, നാലാം സമ്മാനം 5 ലക്ഷം വീതം 10 പരമ്പരകള്‍ക്ക്, അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പരമ്പരകള്‍ക്ക് എന്നിങ്ങനെയാണ് പ്രധാന സമ്മാന ഘടന. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും നറുക്കെടുപ്പിലൂടെലഭിക്കും.

തിരുവോണം ബമ്പര്‍ ലോട്ടറി വില്‍പനയിലൂടെ യഥാര്‍ത്ഥത്തില്‍ ബമ്പറടിച്ചത് സര്‍ക്കാരിനാണെന്ന് പറയാം. ഈ വര്‍ഷത്തെ ലോട്ടറി വില്‍പനയിലൂടെ സര്‍ക്കാര്‍ ഖജനാവിലെത്തിയത് 375 കോടി രൂപയാണ്. കിട്ടിയാല്‍ കിട്ടിയെന്ന് കരുതി 500 രൂപ മുടക്കി ടിക്കറ്റെടുത്തത് 75 ലക്ഷം പേരാണ്. ഇതില്‍ തന്നെ മുന്നില്‍ പാലക്കാടാണ്. 14 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റഴിഞ്ഞത്. ഈ 375 കോടിയും മൊത്തമായും സര്‍ക്കാരിന് ലഭിക്കില്ല. ഏജന്‍സി കമ്മീഷന്‍, അച്ചടിക്കൂലി, ഭരണപരമായ ചെലവുകള്‍, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള ബാക്കി തുകയാകും സര്‍ക്കാരിന് ലഭിക്കുന്നത്. ഇത് സംബന്ധിച്ച കൃത്യമായ കണക്ക് ഇപ്പോള്‍ ലഭ്യമല്ല. മഴയും ജിഎസ്ടി പരിഷ്‌കരണവും എല്ലാം ഇത്തവണത്തെ ടിക്കറ്റ് വില്‍പനയില്‍ ഘടകമായിട്ടുണ്ട്,. സെപ്തംബര്‍ 27 ന് നടക്കേണ്ട നറുക്കെടുപ്പ് ഒക്ടോബര്‍ നാലിലേക്ക് നീട്ടിയതും ടിക്കറ്റ് വില്‍പന റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ കാരണമായി.

Scroll to Top