
പട്‌ന: വോട്ടര്‍ പട്ടികാ സമഗ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവാദം ഉയര്‍ന്ന ബിഹാറില്‍ രണ്ടുഘട്ടങ്ങൡലായി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നവംബര്‍ 6, 11 തിയ്യതികളിലായി രണ്ടുഘട്ടങ്ങളായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ നവംബര്‍ 14ന് നടക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആര്‍.ഗ്യാനേഷ് കുമാര്‍ അറിയിച്ചു. ആകെ 7.43 കോടി വോട്ടര്‍മാരാണ് ബിഹാറിലുള്ളത്. ഇതില്‍ 3.92 കോടി പുരുഷന്‍മാരും. 3.5 കോടി സ്ത്രീകളുമാണ്. 14 ലക്ഷം പുതിയ വോട്ടര്‍മാരാണുള്ളത്. 243 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.
90,712 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇതില്‍ 1044 എണ്ണം സ്ത്രീകള്‍ കൈകാര്യം ചെയ്യുന്ന പോളിങ് സ്റ്റേഷനുകളായിരിക്കും. എല്ലായിടത്തും വെബ്കാസ്റ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.
ജൂണ്‍ 24 മുതല്‍ ആരംഭിച്ച വോട്ടര്‍പട്ടിക ശുദ്ധീകരണ പ്രക്രിയയ്ക്കു ശേഷം ആഗസ്ത് ഒന്നിന് കരട് വോട്ടര്‍ പട്ടികയും സെപ്തംബര്‍ 30ന് അന്തിമ വോട്ടര്‍പട്ടികയും പ്രസിദ്ധീകരിച്ചു. ഇത്തവണ യാതൊരു പ്രശ്‌നങ്ങളുമില്ലാതെ തെരഞ്ഞെടുപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുന്നതെങ്ങനെയാണെന്ന് രാജ്യത്തെ മറ്റുള്ളവര്‍ക്ക് ബിഹാര്‍ കാണിച്ചു കൊടുത്തെന്നും അദ്ദേഹം പറഞ്ഞു. 243 അംഗ നിയമസഭയുടെ കാലാവധി നവംബറിലാണ് അവസാനിക്കുന്നത്. നവംബര്‍ 22ന് മുന്‍പ് തിരഞ്ഞെടുപ്പ് നടത്തുമെന്ന് കഴിഞ്ഞ ദിവസം ഗ്യാനേഷ് കുമാര്‍ പറഞ്ഞിരുന്നു. വോട്ടെടുപ്പ് 2 ഘട്ടമായി നടത്തണമെന്നു പ്രതിപക്ഷവും ഒറ്റ ഘട്ടമായി നടത്തണമെന്നു ബിജെപിയും കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
2015ലെ തെരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായാണ് നടന്നത്. ഇക്കുറി എന്‍ഡിഎയും ഇന്ത്യാ സഖ്യവും തമ്മിലാണ് മത്സരം. ബിജെപി, ജനതാദള്‍ (യുണൈറ്റഡ്), ലോക് ജന്‍ശക്തി പാര്‍ട്ടി എന്നിവയാണ് എന്‍ഡിഎ സഖ്യത്തിലുള്ളത്. ആര്‍ജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തില്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍പ്പെടും. ബിജെപി (80), ജെഡിയു (45), ആര്‍ജെഡി(77), കോണ്‍ഗ്രസ്(19) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.
ബിഹാര്‍ തെരഞ്ഞെടുപ്പിനൊപ്പം 7 സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കും. ജമ്മു കശ്മീരിലെ ബുദ്ഗാം, നഗ്‌റോട്ട, രാജസ്ഥാനിലെ അന്റ, ജാര്‍ഖണ്ഡിലെ ഗഡ്‌സില, തെലങ്കാനയിലെ ജൂബിലി ഹില്‍സ്, പഞ്ചാബിലെ തര്‍ന് തരന്‍, മിസോറാമിലെ ധംപ, ഒഡീഷയിലെ നുആപഡ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.



