
കരൂര്‍: കരൂരില്‍ നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടി റാലിക്കിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തം അന്വേഷിക്കുന്നതിന് പ്രത്യേകസംഘം കരൂരിലെത്തി. വടക്കന്‍ മേഖല ഐജി അസ്ര ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സ്ഥലത്തെത്തിയത്. ഫൊറന്‍സിക് വിദഗ്ധരും സംഘത്തിലുണ്ട്. മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് പ്രത്യേക സംഘം അന്വേഷണത്തിനെത്തിയത്.
തമിഴക വെട്രി കഴകം (ടിവികെ) നാമക്കല്‍ ജില്ലാ സെക്രട്ടറി എന്‍.സതീഷ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനായി രണ്ടു പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. റാലി നടത്തിയതുമായി ബന്ധപ്പെട്ട് കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയതാണ് സതീഷ്. ടിവികെ സംസ്ഥാന സെക്രട്ടറി ബുസി ആനന്ദ്, ജോയിന്റ് ജനറല്‍ സെക്രട്ടറി സിടിആര്‍ നിര്‍മല്‍ എന്നിവരെ പിടികൂടാനും പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്.
കരൂരില്‍ തിക്കിലും തിരക്കിലും 41 പേര്‍ മരിച്ചതില്‍ തമിഴക വെട്രി കഴകത്തെയും വിജയ്യെയും മദ്രാസ് ഹൈക്കോടതി അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. മനുഷ്യ നിര്‍മിത ദുരന്തമാണുണ്ടായത്. അപകടമുണ്ടായപ്പോള്‍ സംഘാടകരും നേതാക്കളും അനുയായികളെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. വിജയ്യിന് നേതൃപാടവമില്ല. ദുരന്തത്തിനു നേരെ കണ്ണടയ്ക്കാന്‍ കഴിയില്ലെന്നു പറഞ്ഞ കോടതി, നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണെന്നും ഓര്‍മിപ്പിച്ചു.



