കണ്ണൂരില്‍ കളിപ്പാട്ട വില്‍പനശാലയിലെ തീപിടിത്തം ആളിപ്പടര്‍ന്നു; പത്തോളം കടകള്‍ കത്തിനശിച്ചു., ആളപായമില്ലെന്ന് സൂചന., തീയണയ്ക്കാന്‍ തീവ്രശ്രമം

കണ്ണൂര്‍: തിപ്പറമ്പില്‍ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ പത്തോളം കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഒരു കടയിലുണ്ടായ തീപിടിത്തം മറ്റു കടകളിലേക്കും അതിവേഗത്തില്‍ ആളിപ്പടരുകയായിരുന്നു. തീപിടിത്തമുണ്ടായ കടയ്ക്കു സമീപത്തെ തുണിക്കടകളിലേക്കും മൊബൈല്‍ ഫോണ്‍ വില്‍പനശാലകളിലേക്കും തീ പടര്‍ന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്. കടകളിലെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചത് തീ അതിവേഗം പടരാന്‍ കാരണമായി.

തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡിനു സമീപത്തെ കെ.വി കോംപ്ലക്‌സിലുള്ള കളിപ്പാട്ട വില്‍പനശാലയില്‍ വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തമുണ്ടായത്. ഇത് സമീപത്തെ മറ്റു കടകളിലേക്കും പടരുകയായിരുന്നു. മൂന്നു നില കെട്ടിടത്തിലെ 10 കടകള്‍ പൂര്‍ണമായും കത്തിയമര്‍ന്നു. അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആളപായമുണ്ടായതായി വിവരമില്ല. രണ്ടു കോംപ്ലക്‌സുകളിലെ അന്‍പതോളം സ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്നതായി വ്യാപാരി പ്രതിനിധി പറഞ്ഞു.

കോംപ്ലക്‌സില്‍ നിരവധി കടകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉള്ളിലെ കടകളിലേക്കും തീ പടര്‍ന്നോയെന്ന് വ്യക്തമല്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിലെ അഗ്‌നിരക്ഷാസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമിക്കുകയാണ്. തീ സമീപ കെട്ടിടങ്ങളിലേക്ക് പടരുന്നത് ഒഴിവാക്കാനായെന്ന് ജില്ലാ ഫയര്‍ ഓഫിസര്‍ പറഞ്ഞു. തീ ഒരുപരിധി വരെ നിയന്ത്രണവിധേയമാക്കാനായെന്നും ആദ്യം തീപിടിച്ച കടകളാണ് പൂര്‍ണമായും കത്തിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തീപിടിച്ച് അരമണിക്കൂറിലേറെ കഴിഞ്ഞാണ് തളിപ്പറമ്പ് ഫയര്‍ഫോഴ്‌സ് പോലും സ്ഥലത്തെത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു.

Scroll to Top