
കൊച്ചി: ശബരിമല ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണക്കൊള്ളയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ദേവസ്വം ചീഫ് വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കോടതി നിര്‍ദേശം. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട് വന്‍ തിരിമറിയാണ് നടന്നിട്ടുള്ളതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. 2019ല്‍ സ്വര്‍ണം പൂശിയ സമയത്ത് 474.9 ഗ്രാം സ്വര്‍ണമാണ് കാണാതായതെന്നും കോടതി വ്യക്തമാക്കി. ദേവസ്വം ചീഫ് വിജിലന്‍സ് ഓഫിസറുടെ റിപ്പോര്‍ട്ട് ഇന്നു തന്നെ ദേവസ്വം ബോര്‍ഡിന് കൈമാറണം. ബോര്‍ഡ് ഇതു സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറി പൊലീസ് മേധാവിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാനും കോടതി നിര്‍ദേശിച്ചു.
ദ്വാരപാലക ശില്‍പങ്ങളിലെ ചെമ്പുപാളികള്‍ക്ക് പുറമെ, ലിന്റല്‍, വശങ്ങളിലെ ഫ്രെയിമുകള്‍ എന്നിവയില്‍ സ്വര്‍ണം പൂശിയതില്‍ ക്രമക്കേടുണ്ടോ എന്നും എസ്‌ഐടിക്ക് പരിശോധിക്കാം. പ്രത്യേക കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണിക്കണോ എന്നത് എസ്‌ഐടിയുടെ വിവേചനാധികാരത്തിന് വിട്ടു. ചെന്നൈയിലെത്തിച്ച ചെമ്പുപാളികളില്‍ സ്വര്‍ണത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നതിനാല്‍ ഇതില്‍ വീണ്ടും സ്വര്‍ണം പൂശാന്‍ സാധിക്കില്ലെന്നു സ്മാര്‍ട് ക്രിയേഷന്‍സ് അറിയിച്ചിരുന്നു. എന്നാല്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ നിര്‍ബന്ധത്താല്‍ ഇതില്‍ നിന്നുള്ള സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം ചെമ്പുപാളികള്‍ വീണ്ടും സ്വര്‍ണം പൂശി. ബാക്കിയായി കൈമാറിയ 474.9 ഗ്രാം സ്വര്‍ണം എവിടെയെന്ന കാര്യം അന്വേഷിക്കണമെന്നും വിജിലന്‍സ് ഓഫിസറുടെ റിപ്പോര്‍ട്ടിലുണ്ട്. ഈ കണ്ടെത്തലുകള്‍ ചൂണ്ടിക്കാട്ടി സ്വര്‍ണപ്പാളി വിവാദം അന്വേഷിക്കണമെന്ന് ജസ്റ്റിസുമാരായ രാജാ വിജയരാഘവന്‍, കെ.വി.ജയകുമാര്‍ എന്നിവരുടെ ബെഞ്ച് നിര്‍ദേശിച്ചു.
ശബരിമല ദേവസ്വം കമ്മിഷണറെ അറിയിക്കാതെയും ഹൈക്കോടതിയുടെ അനുമതിയില്ലാതെയും ദ്വാരപാലക ശില്‍പ്പങ്ങളിലെ ചെമ്പുപാളികള്‍ സ്വര്‍ണം പൂശുന്നതിന് ചെന്നൈയ്ക്കു കൊണ്ടുപോയതാണ് വിഷയം കോടതി മുമ്പാകെ എത്താന്‍ കാരണമായത്. പിന്നാലെ ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ കോടതി വിജിലന്‍സ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് വിജിലന്‍സ് ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് 2019ലും സ്വര്‍ണം പൂശാന്‍ ചെന്നൈയ്ക്ക് കൊണ്ടുപോയിരുന്നു എന്ന വിവരം വെളിപ്പെട്ടത്. ഇക്കാര്യം വിശദമായി പരിശോധിച്ച കോടതി, അന്നു കൊണ്ടുപോയ തൂക്കത്തേക്കാള്‍ നാലര കിലോയോളം കുറവാണ് ചെന്നൈയില്‍ എത്തിയത് എന്നു കണ്ടെത്തിയിരുന്നു. മാത്രമല്ല, 39 ദിവസങ്ങള്‍ക്കു ശേഷമാണ് സന്നിധാനത്തു നിന്ന് ഇവ ചെന്നൈയിലെത്തിച്ചതെന്നും കണ്ടെത്തി.
ഈ സമയത്താണ് താന്‍ സ്വര്‍ണം പൂശി തിരിച്ചേല്‍പ്പിച്ച ദ്വാരപാലക ശില്‍പ്പങ്ങളുടെ പീഠം കാണാനില്ല എന്ന അവകാശവാദവുമായി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി രംഗത്തു വന്നത്. ഇതോടെ ശബരിമലയുമായി ബന്ധപ്പെട്ട വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂം വിജിലന്‍സ് ഓഫിസര്‍ അരിച്ചുപെറുക്കി. എന്നാല്‍ പീഠം കണ്ടെത്താനായില്ല. ഒടുവില്‍ ഇത് കണ്ടെത്തിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നാണ്. ഇതിനിടെ, മറ്റൊരു ദ്വാരപാലക ശില്‍പ്പം കൂടി സ്‌ട്രോങ് റൂമില്‍ ഉണ്ടെന്നും ഇത് നല്‍കിയാല്‍ സ്വര്‍ണം വേര്‍തിരിച്ചെടുത്ത് ഉപയോഗിക്കാമെന്നും അങ്ങനെയെങ്കില്‍ ചെലവു കുറയ്ക്കാമെന്നും കാട്ടി ഉണ്ണികൃഷ്ണന്‍ പോറ്റി എഴുതിയ കത്തും കോടതി സംശയത്തോടെയാണ് കണ്ടത്. ഇക്കാര്യവും അന്വേഷിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. അത്തരമൊരു ദ്വാരപാലക ശില്‍പ്പം ഇല്ലെന്നായിരുന്നു വിജിലന്‍സ് ഓഫീസറുടെ കണ്ടെത്തല്‍.



