തുണിയുടുക്കാത്ത താരം ഉദ്ഘാടനത്തിന് വന്നാല്‍ ഇടിച്ചു കയറുന്നു; ഇത്ര വായ്‌നോക്കികളാണോ കേരളക്കാര്‍.? വിവാദ പരാമര്‍ശവുമായി യു.പ്രതിഭ എംഎല്‍എ.

ആലപ്പുഴ: തുണിയുടുക്കാത്ത സിനിമാതാരത്തെ ഉദ്ഘാടനത്തിന് കൊണ്ടുവരുന്നതാണ് പുതിയ സംസ്‌കാരമെന്നും അങ്ങനത്തെ താരങ്ങള്‍ വന്നാല്‍ ആളുകള്‍ ഇടിച്ചു കയറുകയാണെന്നും കായംകുളം എംഎല്‍എ യു.പ്രതിഭ. കായംകുളത്തെ എരുവയില്‍ സാംസ്‌കാരിക പരിപാടിയിലാണ് വിവാദ പരാമര്‍ശവുമായി എംഎല്‍എ രംഗത്തെത്തിയത്. ‘സിനിമാ താരങ്ങളോട് സമൂഹത്തിന് ഒരു തരം ഭ്രാന്ത് ആണ്. എന്തിനാണ് അത് എന്ന് മനസ്സിലാകുന്നില്ല. കട ഉദ്ഘാടനത്തിന് സിനിമാ താരങ്ങള്‍. ഉടുപ്പിടാത്ത സിനിമാ താരങ്ങളെ ഉദ്ഘാടനത്തിന് കൊണ്ടുവരുന്ന പുതിയ സംസ്‌കാരം. എന്തിനാണ് അത്? ഇത്രയും വായ്‌നോക്കികളാണോ കേരളത്തിലെ മനുഷ്യരെന്നും എംഎല്‍എ ചോദിച്ചു.

തുണിയുടുക്കാത്ത താരം വന്നാല്‍ എല്ലാവരും ഇടിച്ചു കയറും. ഇത് നിര്‍ത്തണം. തുണിയുടുത്ത് വന്നാല്‍ മതി എന്ന് അവരോട് പറയണം. ഇതൊക്കെ സദാചാരം എന്ന് പറഞ്ഞ് എന്റെ നേരെ വരരുത്. തുണിയുടുക്കാനും ഉടുക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ള നാട്ടിലാണ് നമ്മള്‍ ജീവിക്കുന്നത്. ചോദ്യം ചെയ്യാനുള്ള അവകാശമൊന്നും നമുക്കില്ല’- യു. പ്രതിഭ പറഞ്ഞു.

നടന്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയ്‌ക്കെതിരേയും യു. പ്രതിഭ വിമര്‍ശനമുന്നയിച്ചു. ചാനല്‍ പരിപാടിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനം. കേരളത്തില്‍ ഇപ്പോള്‍ ഒരു ഒളിഞ്ഞുനോട്ട പരിപാടിയുണ്ട് വൈകുന്നേരം. മറ്റുള്ളവര്‍ ഉറങ്ങുന്നത് നോക്കുക. അവരുടെ പാന്റ് ഇറുകിയതാണോ? അവരുടെ ടോപ്പ് ഇറുകിയതാണോ? കമന്റ് ചെയ്യുക. ഇങ്ങനെ ഒരുപാട് പരിപാടി നമ്മുടെ നാട്ടില്‍ നടക്കുന്നത്. അനശ്വര നടനാണ് ഈ പരിപാടി ചെയ്യുന്നത്. ഭയങ്കരമിടുക്കനായ നടനാണ്. ദാദാ സാഹെബ് ഫാല്‍കെ അവാര്‍ഡ് ഒക്കെ ലഭിച്ചിട്ടുണ്ട്- പ്രതിഭ എംഎല്‍എ പറഞ്ഞു.

Scroll to Top