തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവ്; സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കാനാകില്ല; നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും ആവശ്യപ്പെട്ട് സുമയ്യ നിയമനടപടിക്ക്.

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയാ പിഴവിനെ തുടര്‍ന്ന് ഗൈഡ് വയര്‍ നെഞ്ചിനുള്ളില്‍ കുടുങ്ങിയ സുമയ്യ സര്‍ക്കാരിനും ഡോക്ടര്‍ക്കുമെതിരെ വീണ്ടും രംഗത്ത്. ശസ്ത്രക്രിയാ പിഴവിനെ തുടര്‍ന്ന് നെഞ്ചില്‍ കുടുങ്ങിയ ഗൈഡ് വയര്‍ നീക്കം ചെയ്യാനാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി പരാതിക്കാരിയായ സുമയ്യ പറഞ്ഞു. ഗൈഡ് വയര്‍ പുറത്തെടുക്കാനാകുമോ എന്ന് പരിശോധിക്കാന്‍ ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ നടത്തിയ ആന്‍ജിയോഗ്രാം പരിശോധന പരാജയപ്പെട്ടിരുന്നു. ആന്‍ജിയോഗ്രാം പരിശോധന രണ്ടുതവണയാണ് പരാജയപ്പെട്ടത്. ഗൈഡ് വയര്‍ ഒട്ടിച്ചേര്‍ന്ന അവസ്ഥയിലായതിനാല്‍ എടുക്കുന്നത് അപകടമാകുമെന്നും കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ശ്രമം ഡോക്ടര്‍മാര്‍ അവസാനിപ്പിക്കുകയായിരുന്നു.

ഗൈഡ് വയറിന്റെ രണ്ടറ്റം ധമനിയുമായി ഒട്ടിച്ചേര്‍ന്ന നിലയിലാണ്. ഓപണ്‍ഹാര്‍ട്ട് ശസ്ത്രക്രിയ വഴി മാത്രമെ ഇനി ശ്രമം നടത്താന്‍ കഴിയൂ. ആശുപത്രി അധികൃതര്‍ ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു. ഇതേതുടര്‍ന്ന് നിയമ നടപടികളിലേക്ക് കടക്കാനാണ് കുടുംബത്തിന്റെ തീരുമാനം. സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും കിട്ടിയില്ലെങ്കില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് സുമയ്യ പറഞ്ഞു.

രണ്ടുവര്‍ഷം മുമ്പ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തൈറോയ്ഡിന്റെ ശസ്ത്രക്രിയ നടത്തുന്നതിനിടെയാണ് കാട്ടാക്കട കിള്ളി സ്വദേശിനി സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്. കഫക്കെട്ട് വന്നതിനെത്തുടര്‍ന്ന് എക്സ് റേ എടുത്തപ്പോഴാണ് നെഞ്ചില്‍ ട്യൂബ് കിടക്കുന്നതായി കണ്ടെത്തിയത്. ഇക്കാര്യം ആശുപത്രി ജീവനക്കാരെ അറിയിച്ചപ്പോള്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ഒഴിഞ്ഞു മാറുകയും സംഭവം പിന്നീട് വിവാദമാവുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും നല്‍കിയ പരാതിയിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും വീഴ്ചവരുത്തിയ ഡോക്ടര്‍ സര്‍വിസില്‍ തുടരുകയാണെന്നും സുമയ്യ പറഞ്ഞു.

Scroll to Top